നിര്‍ത്തിവെപ്പിച്ച മൈം വേദിയിലെത്തും; കുമ്പള സ്‌കൂളില്‍ കലോത്സവം ഇന്ന് പുനരാരംഭിക്കും
കുമ്പള: കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിനിടെ ഗസ്സ പ്രമേയമാക്കി അവതരിപ്പിച്ചതിനാല്‍ അധ്യാപകര്‍ ഇടപെട്ട് നിര്‍ത്തിയ മൈം ഇന്ന് വേദിയില്‍ വീണ്ടും അവതരിപ്പിക്കും. സംഭവം ഏറെ ചര്‍ച്ചയായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ, മൈം നിര്‍ത്തിവെച്ച നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അധ്യാപകര്‍ ഇടപെട്ട് മൈം നിര്‍ത്തിവെച്ചതിന് പിന്നാലെ കലോത്സവവും ശനിയാഴ്ച നടക്കേണ്ട കലോത്സവവും നിര്‍ത്തിവെക്കുകയായിരുന്നു. ഇതാണ് വിവാദമായത്. കലോത്സവം ഇന്ന് പുനരാരംഭിക്കുന്നതിനൊപ്പം ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തും. രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അധ്യാപകരുടെ നടപടിയെ വിമര്‍ശിച്ച് സ്‌കൂളിലേക്ക് എം.എസ്.എഫ് പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചിരുന്നു. അധ്യാപകരും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.