10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് വധശിക്ഷ നല്‍കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടി സലീം പ്രതിയാണ്;
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണക്കമ്മലുകള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് വധശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കുടക് നാപോക്ക് സ്വദേശി പി.എ.സലീം എന്ന സല്‍മാന്(38) തിങ്കളാഴ്ചയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി മരണം വരെ തടവ് ശിക്ഷ വിധിച്ചത്. പ്രതിയെ നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോള്‍ വധശിക്ഷ നല്‍കണമെന്നും അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണിതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. ഗംഗാധരന്‍ വാദിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടി സലീം പ്രതിയാണ്. സലീമിന്റ സ്വദേശമായ കുടക് നാപോകിലെ ഒരു വീട്ടിലും ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയ കേസുകളും ഉണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥിരം കുറ്റവാളിയായ സലീമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അപൂര്‍വത്തില്‍ അപൂര്‍വമായ കേസെന്ന പ്രോസിക്യൂഷന്‍ വാദത്തെ തള്ളിക്കൊണ്ടാണ് സലീമിനെതിരെ കോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. എങ്കിലും പ്രതിക്ക് കടുത്ത ശിക്ഷ ലഭിച്ചതില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. സലീമിന് കോടതി ഇരട്ട ജീവപര്യന്തവും 2,71,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് സ്വാഭാവിക മരണം സംഭവിക്കുന്നതുവരെ കഠിന തടവിനാണ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമെ 35 വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും സലീമിന്റെ സഹോദരിയുമായ സുഹൈബക്ക് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.