മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട കുടകിലെ സലീമിനെതിരായ മറ്റൊരു പോക്‌സോ കേസില്‍ വിചാരണ ഉടന്‍

പന്ത്രണ്ടുകാരിയെ ബൈക്കില്‍ കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്‌;

Update: 2025-08-26 04:27 GMT

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്കെതിരെ മറ്റൊരു പോക്സോ കേസില്‍ ഉടന്‍ വിചാരണ തുടങ്ങും. കുടക് നാപോകിലെ പി.എ സലീം എന്ന സല്‍മാനെ(38)തിരെയാണ് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ഹൊസ് ദുര്‍ഗ് അതിവേഗ പ്രത്യേക പോക്സോ കോടതിയില്‍ വിചാരണ തുടങ്ങുന്നത്.

പന്ത്രണ്ടുകാരിയെ ബൈക്കില്‍ കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് സലീമിനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഈ കേസില്‍ വിചാരണ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ലാബിലേക്കയച്ച ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് വിചാരണ വൈകുന്നത്. ഇത് ലഭിച്ചാലുടന്‍ വിചാരണയും ആരംഭിക്കും.

വീട്ടില്‍ കയറി യുവതിയെ അക്രമിച്ചതിനും സ്വര്‍ണ്ണമാണെന്ന് കരുതി മുക്കുപണ്ടം തട്ടിയെടുത്ത സംഭവത്തിലും സലീമിനെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്. കുടകിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണ്ണകമ്മല്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കോടതി സലീമിന് മരണംവരെ തടവിന് വിധിച്ചത്.

Similar News