കോട്ടിക്കുളത്തെ പുരാവസ്തു ശേഖരം; പരിശോധനയ്ക്ക് പുരാവസ്തു സംഘമെത്തി

Update: 2025-08-26 06:13 GMT

ഉദുമ: കോട്ടിക്കുളത്തെ ഒഴിഞ്ഞ വീട്ടില്‍ നിന്നും, തൊട്ടടുത്തെ പൂട്ടിയിട്ട കടയില്‍ നിന്നും കഴിഞ്ഞ ദിവസം അമൂല്യമായ പുരാവസ്തു ശേഖരം കണ്ടെത്തിയതിന് പിന്നാലെ പരിശോധനയ്ക്കായി സ്ഥലത്ത് പുരാവസ്തു സംഘമെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശൂര്‍ റീജ്യണല്‍ ഓഫീസിലെ മൂന്ന് വിദഗ്ദ്ധരാണ് പുരാവസ്തുക്കള്‍ പരിശോധിക്കുന്നത്. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച വാളുകളും തോക്കും സംഘം പരിശോധിച്ചു.മുറികളില്‍ പാമ്പുകളുടെ സാന്നിധ്യം കൂടി ഉള്ളതിനാല്‍ പാമ്പ് പിടുത്തത്തില്‍ വിദഗദ്ധരായവരുടെ സഹായവും സംഘം ഉറപ്പാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 19നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ , കോട്ടിക്കുളം മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള കടമുറിയില്‍ നിന്നും നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയത്. ഏഴ് വര്‍ഷം മുമ്പാണ് മുഹമ്മദ് കുഞ്ഞി മരണപ്പെട്ടത്. ഇതിന് ശേഷം മുറികള്‍ പൂട്ടിയിടുകയായിരുന്നു. നിരവധി വാളുകള്‍, തോക്കുകള്‍, കുടങ്ങള്‍, പാത്രങ്ങള്‍, കൊത്തുപണി ചെയ്ത മരത്തടികള്‍, ശില്പങ്ങള്‍ എന്നിവയാണ് മുറിയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനക്ക് ശേഷം പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Similar News