മോട്ടോര്‍ സൈക്കിളില്‍ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ മംഗല്‍പ്പാടി സ്വദേശി അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു;
കാഞ്ഞങ്ങാട്: മോട്ടോര്‍ സൈക്കിളില്‍ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ മംഗല്‍പ്പാടി സ്വദേശി അറസ്റ്റില്‍. മംഗല്‍പ്പാടി കയ്യാറിലെ അബ്ദുള്‍ റഹ്‌മാനെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് പിടികൂടിയത്. 2022 മാര്‍ച്ച് മാസത്തില്‍ പിലിക്കോട് തോട്ടം ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.
അബ്ദുള്‍ റഹ്‌മാന്‍ ഓടിച്ചുപോകുകയായിരുന്ന മോട്ടോര്‍ സൈക്കിള്‍ ബസിനെ മറി കടക്കാനുളള ശ്രമത്തിനിടെ എതിരെ വാഹനം വരുന്നത് കണ്ട് പെട്ടെന്ന് ബ്രെയ്ക്ക് ചവിട്ടുകയായിരുന്നു. ഇതോടെ പിന്നിലിരുന്ന മംഗല്‍പാടി പച്ചമ്പളം സ്വദേശി കാമില്‍ മുബഷീര്‍ (19) തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടെ എതിരെ വന്ന ലോറിയിടിക്കുകയും മുബഷിര്‍ മരിക്കുകയും ചെയ്തു.
സംഭവത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച അബ്ദുള്‍ റഹ്‌മാനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ചന്തേര പൊലീസ് കേസെടുത്തിരുന്നു. അബ്ദുള്‍ റഹ്‌മാന് ഡ്രൈവിങ്ങ് ലൈസന്‍സില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതി വിചാരണക്ക് ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് അബ്ദുള്‍ റഹ്‌മാനെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരുമായ ജ്യോതിഷ്, കെപി അജിത്ത് പള്ളിക്കര, സുധീഷ് ഓരി എന്നിവര്‍ ബന്തിയോട്ട് നിന്നാണ് അബ്ദുള്‍ റഹ്‌മാനെ പിടികൂടിയത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.