ജില്ലയില്‍ വ്യവസായ മേഖലയില്‍ വൈദ്യുതി പ്രതിസന്ധി; സോളാര്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യം
കാസര്‍കോട്: വ്യവസായ മേഖലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ജില്ലയ്ക്ക് വൈദ്യുതി പ്രതിസന്ധി തിരിച്ചടിയാവുന്നു. വ്യാവസായിക ആവശ്യത്തിന് ആവശ്യമായ വൈദ്യുതി വിതരണം ലഭ്യമാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അതിനാല്‍ വലിയ നഷ്ടം സംഭവിക്കുന്നുവെന്നും വ്യവസായികള്‍ പറയുന്നു. ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളിലെ വന്‍കിട പദ്ധതികള്‍ക്കാവശ്യമായ വൈദ്യുതി നല്‍കുന്നതില്‍ വൈദ്യുതി ബോര്‍ഡും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്നാണ് ആരോപണം. ഉയര്‍ന്ന അളവില്‍ വൈദ്യുതി ആവശ്യമായ വ്യവസായങ്ങളും മുടക്കമില്ലാതെ വൈദ്യുതി ആവശ്യമായ മറ്റ് വ്യവസായങ്ങളും വൈദ്യുതി ക്ഷാമത്തില്‍ അനിശ്ചിതത്വം നേരിടുകയാണ്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി മുന്നോട്ടുവെച്ച ഉഡുപ്പി-കാസര്‍കോട് 400 കെവി വൈദ്യുതി ലൈന്‍ പദ്ധതി നീണ്ടു പോകുകയാണ്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുള്ള തര്‍ക്കമാണ് പദ്ധതി വൈകാന്‍ കാരണമാകുന്നത്. വ്യവസായ മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ ജില്ലയില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യവസായ മന്ത്രി പി രാജീവിന് കത്തയച്ചു. ഭൂമി ലഭ്യത കൊണ്ട് വ്യവസായ നിക്ഷേപത്തില്‍ ഏറെ അനുകൂല സാധ്യതയുള്ള കാസര്‍കോട് ജില്ലയില്‍ പക്ഷെ വൈദ്യുതി വിതരണത്തിന്റെ അപര്യാപ്തത ചില നിക്ഷേപകര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. അതുകൊണ്ട് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് തുക അനുവദിച്ച് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് മന്ത്രിക്കയച്ച കത്തില്‍ എന്‍.എം.സി.സി വ്യക്തമാക്കി.