'മാടുകള്‍ വാണിടും ബസ് സ്റ്റാന്റ്'; നഗരസഭയുടെ ഉറപ്പ് പാഴ് വാക്കായി
വെള്ളിയാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കയ്യേറിയ കന്നുകാലി കൂട്ടം
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അലയുന്ന കന്നുകാലി ശല്യത്തിന് തടയിടുമെന്ന നഗരസഭയുടെ ഉറപ്പ് പാഴ് വാക്കായി. നഗരസഭയുടെ മുന്നറിയിപ്പിന് ശേഷവും കാസര്‍കോട് നഗരത്തില്‍ കന്നുകാലികള്‍ അലഞ്ഞുതിരിയുകയാണ്. വെള്ളിയാഴ്ചയും കന്നുകാലിക്കൂട്ടം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കയ്യേറി. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ നിര്‍ത്തിയിടുന്ന ഭാഗത്താണ് പത്തിലധികം കന്നുകാലികള്‍ സ്ഥലം കയ്യേറിയത്. ഇത് കാല്‍നടയാത്രക്കാര്‍ക്കും ബസ് യാത്രികര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെ നടപടി എടുക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും. കന്നുകാലികളെ അതാത് ഉടമസ്ഥര്‍ കെട്ടി പരിപാലിക്കാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ പിഴ ഈടാക്കുകയും പിടിച്ചെടുത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും അതിനു വരുന്ന ചിലവുകള്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യുമെന്നും നഗരസഭ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നതിന് തെളിവാണ് നഗരം വീണ്ടും കീഴടക്കുന്ന കന്നുകാലികളുടെ കാഴ്ച.