'പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്റെ പേരില്‍ വീടുകയറി അക്രമം'; കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍
അരിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ടി വി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നും പരാതി;
കാസര്‍കോട് : പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്റെ പേരില്‍ ആണ്‍സുഹൃത്ത് വീടുകയറി അക്രമിക്കുകയും വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഇതില്‍ മനംനൊന്ത് കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ എടക്കാട് താമസിക്കുന്ന കാസര്‍കോട് സ്വദേശിനിയായ മുപ്പതുകാരിയാണ് വിഷം കഴിച്ചത്.
യുവതിയെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവതിയും മകനും അമ്മയ്ക്കൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. കക്കാട് സ്വദേശിയായ വിനീത് എന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വിനീതുമായുള്ള ബന്ധത്തില്‍ നിന്ന് യുവതി പിന്‍മാറി.
ഇതില്‍ പ്രകോപിതനായ വിനീത് കഴിഞ്ഞ ദിവസം വാടക വീട്ടില്‍ അതിക്രമിച്ചുകയറി വിനീതയെ അക്രമിക്കുകയും അരിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ടി വി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഇതോടെയാണ് യുവതി വിഷം കഴിച്ചത്. ഉപകരണങ്ങള്‍ തകര്‍ത്തതില്‍ 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.