കറന്തക്കാട്ട് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തിനശിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം
കൊളക്കബയലിലെ പുഷ്പയുടെ വീട് കത്തിനശിച്ച നിലയില്‍, 2) തീയണക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ ശ്രമം
കാസര്‍കോട്: വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. കറന്തക്കാട് കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ വീടാണ് കത്തി നശിച്ചത്. ഗ്യാസ് അടുപ്പില്‍ നിന്ന് തീ തൊട്ടടുത്തുണ്ടായിരുന്ന തുണിയിലേക്ക് പടരുകയായിരുന്നു. തീ ആളിയതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടി. ഉടന്‍ സമീപവാസികള്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനങ്ങള്‍ എത്തി രണ്ടുമണിക്കൂര്‍ ശ്രമഫലമായാണ് തീ പൂര്‍ണ്ണമായും അണച്ചത്. പുഷ്പയുടെ മക്കളായ ജനാര്‍ദ്ദനന്‍, മോഹനന്‍ ഇവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങുന്ന 9 പേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ നാല് പേരും സ്‌കൂളില്‍ പോയിരുന്നു. ജനാര്‍ദ്ദനന്‍ കാസര്‍കോട് തുണിക്കടയിലും മോഹനന്‍ ബീരന്ത്ബയല്‍ സര്‍വീസ് സ്റ്റേഷനിലും പണിക്ക് പോയിരുന്നു. സംഭവമറിഞ്ഞ് ഉടനെ തന്നെ മക്കള്‍ രണ്ടുപേരും ജോലി സ്ഥലത്തുനിന്ന് തിരികെ വീട്ടിലെത്തി. വീട്ടിലെ സാധന സാമഗ്രികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ട് സ്റ്റീല്‍ അലമാരയില്‍ വെച്ചിരുന്ന തുണിത്തരങ്ങള്‍ ലോണ്‍ അടക്കാനായി കരുതിയിരുന്ന 15,000 രൂപ, ടി.വി, മിക്‌സി, കട്ടില്‍, കിടക്കകള്‍, വീടിന്റെ ആധാരം, സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും കത്തി നശിച്ചു. നാല് മുറികളോട് കൂടിയ ഓടുവെച്ച വീടാണ് അഗ്‌നിക്കിരയായത്. തീപിടിത്തത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാല്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) എം. രമേശ, ആര്‍. അജേഷ്, ഫയര്‍ ആന്റ്‌റെസ്‌ക്യൂ ഓഫീസര്‍മാരായ വി.എസ് ഗോകുല്‍ കൃഷ്ണന്‍, എം.എ വൈശാഖ്, അതുല്‍ രവി, പി.എം നൗഫല്‍, ഹോം ഗാര്‍ഡുമാരായ എസ്. സോബിന്‍, വി.ജി വിജിത്ത് നാഥ്, വി.വി ഉണ്ണികൃഷ്ണന്‍, പി. ശ്രീജിത്ത്, പി.വി പ്രസാദ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.