ബേക്കല്‍ ബീച്ച് ഫെസ്റ്റ് മൂന്നാം പതിപ്പ് 20 മുതല്‍

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും; മണിരത്‌നവും മനീഷാ കൊയ്‌രാളയും അതിഥികളായെത്തും;

Update: 2025-12-17 10:28 GMT

വിവിധ ദിവസങ്ങളിലായി വേടന്‍, റിമി ടോമി, ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്, ഗസല്‍ മാന്ത്രികന്‍ അലോഷി, അപര്‍ണ ബാലമുരളി, പ്രസീത ചാലക്കുടി, കൊല്ലം ഷാഫി, ആര്യ ദയാല്‍, ഉറുമി ബാന്‍ഡ്, പുഷ്പവതി തുടങ്ങിയവരെത്തും

കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷനല്‍ ബീച്ച് ഫെസ്റ്റിവല്‍ മൂന്നാമത് എഡിഷന്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബീച്ച് ഫെസ്റ്റിന്റെ ഉദ്ഘാടനം 20ന് വൈകിട്ട് അഞ്ചിന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ബേക്കല്‍ കോട്ട പശ്ചാത്തലമാക്കി ബോംബെ സിനിമയിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച തെന്നിന്ത്യയിലെ പ്രഗല്‍ഭ ചലച്ചിത്രകാരന്‍ മണിരത്‌നം, സിനിമാ താരം മനീഷ കൊയ്രാള, ബോംബെ സിനിമയുടെ സിനിമാട്ടോഗ്രാഫര്‍ രാജീവ് മേനോന്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ബി.ആര്‍.ഡി.സി രൂപവല്‍ക്കരണത്തിന്റെയും ബോംബെ സിനിമയുടെയും മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇവര്‍ ബേക്കലില്‍ എത്തുന്നത്. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അതിഥികളാകും. ഓരോ ദിവസവും പ്രധാന വേദിയില്‍ പ്രഗല്‍ഭ മ്യൂസിക് ബാന്‍ഡുകള്‍ ഒരുക്കുന്ന സംഗീത ദൃശ്യ പരിപാടികള്‍ അരങ്ങേറും. ദിവസവും കലാപരിപാടികള്‍ക്ക് മുമ്പേ നടക്കുന്ന സാംസ്‌കാരിക സന്ധ്യകളില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും. ആദ്യ ദിവസം നടക്കുന്ന സ്റ്റേജ് ഷോയില്‍ പ്രശസ്ത സിനിമാതാരം രമ്യ നമ്പീശനും സംഘവും കലാവിരുന്നൊരുക്കും.

തുടര്‍ന്നുള്ള വിവിധ ദിവസങ്ങളിലായി, ആരാധകരെ കൈയിലെടുത്ത വേടന്‍, റിമി ടോമി, ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്, ഗസല്‍ മാന്ത്രികന്‍ അലോഷി, അപര്‍ണ ബാലമുരളി, പ്രസീത ചാലക്കുടി, കൊല്ലം ഷാഫി, ആര്യ ദയാല്‍, ഉറുമി ബാന്‍ഡ്, പുഷ്പവതി തുടങ്ങിയവര്‍ ആസ്വാദകരുടെ കണ്ണും മനസ്സും കവരും. ഫെസ്റ്റില്‍ എല്ലാദിവസവും കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സരസ്സ് ഭക്ഷ്യമേളയില്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്ര പൈതൃക ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ മേഖലയിലെ ഭക്ഷ്യ ഇനങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ടുകള്‍ ഉണ്ടാകും.

ജില്ല വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള വ്യവസായ മേളയില്‍ ജില്ലയിലെ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രദര്‍ശനത്തിനും വിപണനത്തിനുമുള്ള ഇടം ലഭിക്കും. ബിസിനസ് പവിലിയനുകള്‍, ഓട്ടോ എക്‌സ്‌പോ എന്നിവയുമുണ്ടാകും. വാഹനങ്ങളില്‍ എത്തുന്നവര്‍ക്കായി അഡീഷണല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ സമാപന ദിവസമായ ഡിസംബര്‍ 31ന് രാത്രി 12ന് പുതുവത്സരത്തെ വരവേല്‍ക്കാന്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വെടിക്കെട്ടുണ്ടാകും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ബി.ആര്‍.ഡി.സി മാനേജിങ് ഡയറക്ടര്‍ പി. ഷിജിന്‍, ഹക്കീം കുന്നില്‍, വി. രാജന്‍, കെ.ഇ.എ. ബക്കര്‍, എം.എ. ലത്തീഫ്, ഷൈനി മോള്‍ എന്നിവര്‍ പങ്കെടുത്തു.

Similar News