അനിശ്ചിതത്വം നീങ്ങി; ജില്ലാ കലോത്സവം രണ്ട് ഘട്ടങ്ങളിലായി, സ്റ്റേജിതര മത്സരങ്ങള്‍ ഡിസംബര്‍ 2നും 3നും
കാസര്‍കോട്: കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം എന്ന് നടത്തുമെന്നതിലെ അനിശ്ചിതത്വം നീങ്ങി. സ്റ്റേജിതര മത്സരങ്ങള്‍ ഡിസംബര്‍ 2നും 3നും സ്റ്റേജ് മത്സരങ്ങള്‍ ജനുവരി 5 മുതല്‍ 7 വരെയും മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്താന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഇന്നലെ ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. നേരത്തെ ഡിസംബര്‍ 30 മുതല്‍ ജനുവരി 3 വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് മൂലം പരീക്ഷാ, ക്രിസ്തുമസ് അവധികളില്‍ മാറ്റം വന്നതോടെ കലോത്സവത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാവുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ തീയതിയിലും ക്രിസ്തുമസ് അവധിയിലും മാറ്റം വരുത്താന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായതോടെയാണ് കലോത്സവ തീയതികളില്‍ മാറ്റം വന്നത്. തീയതി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മൊഗ്രാല്‍ സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരുമായിചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ജനുവരി 4 വരെ ക്രിസ്തുമസ് അവധിയായ പശ്ചാത്തലത്തില്‍ ഡിസംബര്‍ ആദ്യവാരം കലോത്സവം നടത്താനാവുമോ എന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ആരാഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും വളരെ കുറച്ച് സമയം കൊണ്ട് ഒരുക്കങ്ങള്‍ നടത്താനാവാത്തതിനാലും ഇക്കാലയളവില്‍ കലോത്സവം നടത്താനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് പുതിയ തീയതി കണ്ടെത്തുന്നത്. ജനുവരി 14 മുതല്‍ സംസ്ഥാന കലോത്സവത്തിന് തീയതി നിശ്ചയിച്ചിരിക്കുന്നതിനാല്‍ 4ന് ശേഷം ജില്ലാ കലോത്സവം നടത്തുന്നത് പ്രായോഗികമല്ലെന്ന് യോഗം വിലയിരുത്തി. തുടര്‍ന്നാണ് രണ്ട് ഘട്ടങ്ങളിലായി കലോത്സവം നടത്താന്‍ തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഡിസംബര്‍ 9, 11 തീയതികളിലും വോട്ടെണ്ണല്‍ 13നുമാണ്. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11ന് ആയിരുന്നു പരീക്ഷ തുടങ്ങേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കേണ്ടി വരും. ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ നടത്താനാണ് നീക്കം. 24 മുതല്‍ ജനുവരി 4 വരെ ക്രിസ്തുമസ് അവധിയാണ്. ജനുവരി 5ന് സ്‌കൂളുകള്‍ തുറക്കാനാണ് നിലവിലെ തീരുമാനം. സ്‌കൂള്‍ തുറക്കുന്ന് ദിവസം തന്നെ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം നീട്ടിവെക്കാന്‍ ആവശ്യപ്പെടുമെന്ന സൂചനയുമുണ്ടായിരുന്നു.
ഈ വര്‍ഷത്തെ ജില്ലാ കലോത്സവം സംബന്ധിച്ച് തുടക്കത്തിലെ അനിശ്ചിതത്വം ഉണ്ടായി. ആദ്യം കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവം നടത്താനാണ് തീരുമാനിച്ചിരുന്നത്. 24 മുതല്‍ 27 വരെ തീയതിയും നിശ്ചയിച്ചിരുന്നു. അതിനിടെ സ്‌കൂള്‍ അധികൃതര്‍ അസൗകര്യമറിയിച്ചതോടെ തീരുമാനം വൈകി. സ്‌കൂളില്‍ നിന്ന് ഔദ്യോഗിക അപേക്ഷ നല്‍കിയുമില്ല. മുള്ളേരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തിപ്പിന് സന്നദ്ധത അറിയിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് പരിഗണിച്ചില്ല. അതിനിടെയാണ് മൊഗ്രാല്‍ സ്‌കൂളില്‍ വേദി ഒരുക്കാനുള്ള തീരുമാനം ഉണ്ടായത്.
എ.ഇ.ഒ. അഗസ്റ്റിന്‍ ബെര്‍ണാഡ് മൊന്തോരോ, ഡി.പി.സി ബിജുരാജ്, കൈറ്റ് പ്രതിനിധി റോജി ജോസഫ്, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ ടി. പ്രകാശ് തുടങ്ങിയവരും സംഘടനാ പ്രതിനിധികളായ കെ. ഗോപാലകൃഷ്ണന്‍, കല്ലമ്പലം നജീബ്, പ്രദീപ് കുമാര്‍ ഷെട്ടി, ശ്രീവര്‍ഷ എം.പി., എസ്.എ. അബ്ദുല്‍ റഹിമാന്‍, കെ. വിനായകന്‍, കെ. ശിശുപാലന്‍, സലീം എം.പി, കെ. സുജിത് ബാബു, എച്ച്. പരമേശ്വരന്‍, നീലമന ശങ്കരന്‍, യൂസഫ് വി.പി. അബ്ദുല്‍ ഗഫൂര്‍ ടി., യാസര്‍ അറഫാത്ത്, ഷമാ ഭട്ട് വി., അബ്ദുല്‍ സത്താര്‍, ഡി.ഡി.ഇ. സ്റ്റാഫ് ആസിഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.