പിടികൂടിയ പണവും പ്രതിയും
കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി വി.ബി വിജയ് ഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം സ്‌ക്വാഡും അമ്പലത്തറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 11.34 ലക്ഷം രൂപ പിടികൂടി. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ വാഹനം പിന്തുടര്‍ന്ന് അമ്പലത്തറ പൊലീസ് സ്റ്റേഷന് മുന്‍വശം എസ്.എച്ച് റോഡില്‍ വെച്ച് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ബേളൂര്‍ കല്ലംതോല്‍ സ്വദേശി അബ്ബാസ് സി.എച്ച് (40) എന്നയാളാണ് പിടിയിലായത്. പിടികൂടിയ പണം ഉള്‍പ്പെടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, പ്രജിത്ത്, റിജു, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കര്‍, നികേഷ് എന്നിവര്‍ ചേര്‍ന്നാണ് പണം പിടിച്ചത്.