എടനീരില്‍ തറവാട് വീടിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച; പൊലീസ് അന്വേഷണം തുടങ്ങി
കവര്‍ച്ച നടന്ന എടനീര്‍ ബയറമൂലയിലെ മക്കാക്കോടന്‍ തറവാട്
ചെര്‍ക്കള: എടനീരില്‍ തറവാട് വീടിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എടനീര്‍ ബയറമൂലയിലെ മക്കാക്കോടന്‍ തറവാട്ടില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് ഭണ്ഡാരത്തിലെ പണവും പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങളുമാണ് കവര്‍ന്നത്. രണ്ട് ഭണ്ഡാരങ്ങളിലെയും പണവും തറവാട് തെയ്യത്തിന് അണിയിക്കുന്ന രണ്ടുപവന്‍ സര്‍ണത്തിന്റെയും മുക്കാല്‍ കിലോയോളം വെള്ളിയുടെ ആഭരണങ്ങളുമാണ് കവര്‍ന്നത്. പൂജാമുറിയിലെ പലകയുടെ മുകളിലായാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങള്‍ വെച്ചിരുന്നത്. എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ നടക്കുന്ന വാര്‍ഷികോത്സവത്തില്‍ തെയ്യത്തിന് അണിയിക്കുന്ന ആഭരണങ്ങളാണ് ഇവ. ഇന്നലെ തറവാട്ടില്‍ ദീപം തെളിക്കനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. എടനീരിലെ മണിയാണി സമുദായക്കാരുടെ തറവാടാണിത്. സമീപത്ത് താമസിക്കുന്ന തറവാട്ടംഗം ബാലകൃഷ്ണയാണ് നിത്യേന വിളക്കുവെക്കുന്നത്. ചൊവ്വാഴ്ച സന്ധ്യക്ക് വിളക്ക് തെളിച്ചിരുന്നു. പൂജാമുറിയിലുണ്ടായിരുന്ന ഭണ്ഡാരത്തിന്റെയും തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകേണ്ടിയിരുന്ന ഭണ്ഡാരത്തിന്റെയും പൂട്ട് തകര്‍ത്തായിരുന്നു പണം കവര്‍ന്നത്. നാലുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് ബി. ബാലകൃഷ്ണ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐമാരായ അനൂപ്, വിജയന്‍ മേലത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി.