കാസര്‍കോട് ബാങ്ക് റോഡില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല

By :  Sub Editor
Update: 2025-07-01 09:36 GMT

കാസര്‍കോട് ബാങ്ക് റോഡിലെ ഗതാഗതക്കുരുക്ക്‌

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് സമീപം ബാങ്ക് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. നാല് ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മിക്കപ്പോഴും ഗതാഗതക്കുരുക്കില്‍പെടുകയാണ്. മണിക്കൂറുകളോളമാണ് പല വാഹനങ്ങളും കുടുങ്ങുന്നത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഗതാഗതക്കുരുക്കില്‍പെടുന്നു. ബാങ്ക് റോഡില്‍ നിന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ വണ്‍വേ സംവിധാനമാക്കി പരിഷ്‌ക്കരിച്ചാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പലരും പറയുന്നത്. ഇവിടെ ചില നേരങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസ് ഉണ്ടാകാറുണ്ടെങ്കിലും പൊലീസ് ഇല്ലാത്ത സമയത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിലെ ഓട്ടോഡ്രൈവര്‍മാരാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയില്‍ നിന്ന് ഇറങ്ങുന്ന ബസ്സുകള്‍ പലപ്പോഴും ഗതാഗതക്കുരുക്കില്‍പ്പെടുന്നു. ഈ ജംഗ്ഷനില്‍ നിന്ന് നെല്ലിക്കുന്ന്, ചേരങ്കൈ കടപ്പുറം ഭാഗങ്ങളിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ പോകുമ്പോഴും ഗതാഗതക്കുരുക്കുണ്ടാവുന്നു. ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും വാഹന ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിനും ഇടയാവുന്നു. അതേസമയം, അടുത്തിടെ ടാറിംഗ് നടത്തിയ റോഡ് മഴയില്‍ തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതും വാഹനയാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. നഗരത്തില്‍ ശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണം അനിവാര്യമാണെന്ന് വാഹനയാത്രക്കാരും വ്യാപാരികളും പറയുന്നു.


Similar News