കാസര്‍കോട് നഗരത്തില്‍ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനുള്ള നടപടി എങ്ങുമെത്തിയില്ല; സുപ്രീംകോടതിയുടെ ഉത്തരവില്‍ പ്രതീക്ഷ
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും പ്രധാന റോഡുകളിലടക്കം അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യത്തിന് പരിഹാരം കാണുമെന്ന കാസര്‍കോട് നഗരസഭാ അധികൃതരുടെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. അതിനിടെ പാഥകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ മാറ്റി പാര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം കാസര്‍കോട് നഗരത്തിലടക്കമുള്ള കന്നുകാലി ശല്യത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. സ്‌കൂള്‍, കോളേജ്, ആസ്പത്രി എന്നിവയുള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെയും ബസ്സ്റ്റാന്റുകളുടെയും റെയില്‍വെ സ്റ്റേഷനുകളുടെയും പരിസരങ്ങളില്‍ നിന്ന് തെരുവ് നായകളെ നീക്കം ചെയ്യണമെന്നുമുള്ള ഉത്തരവിന് പിന്നാലെയാണ് കന്നുകാലികള്‍ ഉള്‍പ്പെടെ അലഞ്ഞുതിരിയുന്ന എല്ലാ മൃഗങ്ങളെയും നീക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്.
കാസര്‍കോട് നഗരത്തില്‍ അടുത്ത കാലത്തായി കാലികളുടെ ശല്യം രൂക്ഷമാണ്. റോഡുകളില്‍ കാലികള്‍ സഞ്ചരിക്കുന്നത് കാരണം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. നഗരത്തില്‍ അലയുന്ന കാലികളെ പിടിച്ചുകെട്ടുന്നതിന് ചെന്നിക്കരയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും കാലികളെ പിടിച്ചുകെട്ടി പിഴ ഈടാക്കുമെന്നും ലേലം ചെയ്യുമെന്നും നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കായി. ബസ്സ്റ്റാന്റ് കാലികള്‍ കയ്യേറുന്നതിനാല്‍ യാത്രക്കാര്‍ മൂക്കുപൊത്തി നില്‍ക്കേണ്ട സാഹചര്യമാണ്. ബൈക്ക് യാത്രക്കാര്‍ക്കും ദുരിതമായിരുന്നു. ജൂലൈയിലാണ് പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്നും കന്നുകാലികളെ അതാത് ഉടമസ്ഥര്‍ കെട്ടി പരിപാലിക്കാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ പിഴ ഈടാക്കുകയും പിടിച്ചെടുത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും അതിനു വരുന്ന ചിലവുകള്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെ പിടിച്ചെടുത്ത കന്നുകാലികളെ പാര്‍പ്പിക്കാന്‍ നുള്ളിപ്പാടി ചെന്നിക്കരയില്‍ 20 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പൗണ്ട് വൃത്തിയാക്കി സജ്ജീകരിക്കാനാന്‍ തീരുമാനമുണ്ടായെങ്കിലും നടപ്പിലായില്ല.