ചൗക്കി-ഉളിയത്തടുക്ക റോഡരിക് കാട് മൂടി; മാലിന്യം തള്ളുന്നതും പതിവായി
ചൗക്കി-ഉളിയത്തടുക്ക റോഡില്‍ ആസാദ് നഗറിന് സമീപം റോഡരിക് കാട് മൂടിയ നിലയില്‍. മാലിന്യം തള്ളിയതും കാണാം
കാസര്‍കോട്: ചൗക്കി-ഉളിയത്തടുക്ക റോഡില്‍ ആസാദ് നഗറിന് സമീപം റോഡരിക് കാട് മൂടിയത് വഴി യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ഇവിടെ പാതയോരത്ത് മാലിന്യം തള്ളുന്നതും പതിവായതോടെ കാല്‍നട യാത്രക്കാരും പരിസരവാസികളും ദുരിതമനുഭവിക്കുകയാണ്. ചൗക്കി റോഡില്‍ നിന്ന് ആസാദ് നഗറിലേക്ക് എത്തുന്ന ഭാഗത്ത് ഇരുവശങ്ങളിലും കാട് മൂടിയനിലയിലാണ്. ഇതുകാരണം വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ റോഡിലൂടെ നടന്നുപോവേണ്ട സ്ഥിതിയാണ്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. റോഡില്‍ വളവുള്ളതിനാലും റോഡ് വരെ കാട് കയ്യേറിയതിനാലും മുന്നിലുള്ള വാഹനങ്ങളെ കാണാനാവാത്ത സാഹചര്യവും ഉണ്ടാവുന്നു. അതിനിടെയാണ് റോഡരികില്‍ മാലിന്യം തള്ളുന്നതും പതിവായത്. രാത്രികാലങ്ങളില്‍ ചാക്കുക്കെട്ടുകളിലാക്കിയാണ് മാലിന്യം തള്ളുന്നത്. ഇത്തരത്തില്‍ നിരവധി ചാക്ക് മാലിന്യങ്ങളാണ് ചൗക്കി-ഉളിയത്തടുക്ക റോഡിന്റെ പല ഭാഗങ്ങളിലുമായി കാണാനാവുന്നത്. തെരുവ് നായകള്‍ മാലിന്യങ്ങള്‍ വലിച്ച് കൊണ്ട് വന്ന് റോഡിലും പരിസരത്തെ വീട്ടുപറമ്പുകളിലും കൊണ്ടിടുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാതയോരത്തെ കാട് വെട്ടിത്തളിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.