മദ്യപിച്ച പൊലീസുകാരന്‍ വനിതാ പ്രിസൈഡിംഗ് ഓഫീസറോട് അപമര്യാദയായി പെരുമാറി

കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ രക്ഷപ്പെട്ടു;

Update: 2025-12-11 10:17 GMT

കാസര്‍കോട്: മദ്യപിച്ച് പൊലീസുകാരന്‍ വനിതാ പ്രിസൈഡിംഗ് ഓഫീസറോട് അപമര്യാദയായി പെരുമാറി. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവസ്ഥലത്ത് നിന്ന് ഓടി കാറില്‍ കയറി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് ജോണിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ഇന്നലെ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം യു.പി സ്‌കൂള്‍ പോളിംഗ് ബൂത്തിലാണ് സംഭവം. പോളിംഗ് ബൂത്തില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ മുറിയിലേക്ക് മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ ആള്‍ രാഷ്ട്രീയക്കാരനോ സ്ഥാനാര്‍ത്ഥിയുടെ ആളാണോ എന്ന് കരുതി വനിതാ ഓഫീസര്‍ എന്താണ് കാര്യം എന്ന് ചോദിച്ചു താന്‍ പൊലീസുകാരന്‍ ആണെന്ന് പറഞ്ഞതോടെ പ്രിസൈഡിംഗ് ഓഫീസര്‍ യൂണിഫോം ധരിക്കേണ്ടതല്ലേ എന്ന് ചോദിച്ചു. ഇതിന് മറുപടിയായി താങ്കള്‍ എന്താണ് സാരി ധരിക്കാത്തതെന്ന് തിരിച്ചു ചോദിച്ചതോടെ പൊലീസുകാരന്‍ മദ്യലഹരിയില്‍ ആണെന്ന് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടതോടെ സംഭവം ഉദ്യോഗസ്ഥരെ അറിയിച്ചു. വിവരമറിഞ്ഞ് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദും പൊലീസുകാരും സ്ഥലത്തെത്തി. അപ്പോഴേക്കും പൊലീസുകാരന്‍ സമീപത്തെ മുറിയില്‍ കിടക്കുകയായിരുന്നു. വിളിച്ച് കാര്യങ്ങള്‍തിരക്കിയപ്പോള്‍ മദ്യപിച്ചിട്ടില്ലെന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. എന്നാല്‍ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് വിശ്രമമുറിയിലേക്ക് പോയതായിരുന്നു. അതിനിടെയാണ് ബാഗുമെടുത്ത് കണ്ണുവെട്ടിച്ച് പുറത്തേക്കോടിയത്. പിന്നീട് അവിടെ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് കടന്നുകളഞ്ഞത്. അജാഗ്രതയില്‍ വാഹനം ഓടിച്ചു പോയതിനാണ് കേസ്.

Similar News