പുലിക്കുന്നില്‍ ക്ഷേത്രക്കവര്‍ച്ച; സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് കിണറ്റിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍
സേവാ കൗണ്ടര്‍, ക്ഷേത്ര കമ്മിറ്റി ഓഫീസ്, സ്റ്റോര്‍ റൂം എന്നിവയുടെ പൂട്ട് പൊളിച്ച നിലയില്‍;
By : Online correspondent
Update: 2025-10-20 07:29 GMT
കാസര്‍കോട്: പുലിക്കുന്ന് ജഗദംബ ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച. സേവാ കൗണ്ടര്‍, ക്ഷേത്ര കമ്മിറ്റി ഓഫീസ്, സ്റ്റോര്‍ റൂം എന്നിവയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. സേവാ കൗണ്ടറില്‍ നിന്ന് 1000 രൂപ കവര്‍ന്നതായി ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നത്.
ക്ഷേത്രത്തിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌കിന്റെ റിസീവര്‍ ക്ഷേത്രത്തിലെ കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിലെ മൈക്ക് സെറ്റിന്റെ ആംബ്ലിഫയറും ക്ഷേത്രത്തിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭരണ സമിതി സെക്രട്ടറി സുജിത് കുമാര്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്തെ നാഗക്കട്ടയുടെ ഭണ്ഡാരം മോഷ്ട്ടിക്കാനും ശ്രമം ഉണ്ടായി.