കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവ്

ധര്‍മ്മടം മീത്തല്‍ പീടികയിലെ എന്‍.കെ സല്‍മാനെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്;

Update: 2025-08-19 04:45 GMT

കാസര്‍കോട്: കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ യുവാവിന് കോടതി മൂന്നുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ ധര്‍മ്മടം മീത്തല്‍ പീടികയിലെ എന്‍.കെ സല്‍മാനെ(26)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു.

2020 ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സല്‍മാനെ ആറുകിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കുമ്പള-സീതാംഗോളി റോഡിലെ ഭാരത് പെട്രോള്‍ പമ്പിന് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ കുമ്പള എസ്. ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സല്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കാറും കഞ്ചാവും കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ സല്‍മാന്‍ രണ്ടാംപ്രതിയാണ്. ഒന്നാം പ്രതിയായ മുഴുപ്പിലങ്ങാട് കസ്റ്റംസ് ഓഫീസിന് സമീപത്തെ കെ.വി അര്‍ഷാദിനെ(28) മൂന്നുവര്‍ഷത്തെ തടവിനും 3,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായ സീതാംഗോളി മുഗുറോഡിലെ മുഹമ്മദ് ഷെറീഫ്(25) ഒളിവിലാണ്.

കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി. പ്രമോദാണ്. പ്രോസിക്യൂഷന് വേണ്ടി അഡി.ഗവ. പ്ലീഡര്‍ ജി.ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

Similar News