ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Update: 2025-12-01 10:12 GMT

കാസര്‍കോട്: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായ പ്രതി പൊലീസ് പിടിയിലായി. വയനാട് മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യ(39)നെയാണ് ബദിയടുക്ക പൊലീസും കാസര്‍കോട് സബ് ഡിവിഷന്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പുല്‍പ്പള്ളിയില്‍ ഒളിവിലായിരുന്ന പ്രതിയെ വയനാട് പൊലീസിന്റെ സഹായത്തോടെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കൊട്ടിയം സ്വദേശിനിയായ നീതു കൃഷ്ണനെ(30) കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ആന്റോ സെബാസ്റ്റ്യനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരം താലൂക്കിലെ ഷേണി മഞ്ഞാറ എന്ന സ്ഥലത്തുള്ള ഒരു എസ്റ്റേറ്റിന് സമീപത്തെ വീട്ടില്‍ നീതു സെബാസ്റ്റ്യനൊപ്പം താമസിച്ചിരുന്നു. റബ്ബര്‍ ടാപ്പിങ് ജോലിക്കാണ് ആന്റോ ഇവിടേക്ക് വന്നത്. നീതുവിനെ പിന്നീട് കാണാതാവുകയായിരുന്നു. നീതു പിണങ്ങിപ്പോയെന്ന് സെബാസ്റ്റ്യന്‍ കൂടെ ജോലി ചെയ്യുന്നവരെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് സ്ത്രീയെ കാണാനില്ലെന്ന എസ്റ്റേറ്റ് സൂപ്പര്‍വൈസറുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപ്പോഴേക്കും സെബാസ്റ്റ്യന്‍ സ്ഥലം വിട്ടിരുന്നു. 2023 ഫെബ്രുവരി 1ന് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടരുകയും പ്രതിയെ പിന്നീട് തമ്പാനൂരില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2023 ജനുവരിയിലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. റിമാണ്ടിലായ പ്രതി ഏതാനും മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്റോ സെബാസ്റ്റ്യനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

Similar News