സമസ്തയുടെ നൂറം വാര്‍ഷിക മഹാസമ്മേളനത്തിന് കുണിയ ഒരുങ്ങുന്നു

Update: 2025-12-03 09:14 GMT

കാസര്‍കോട്: സമസ്തയുടെ നൂറം വാര്‍ഷിക മഹാസമ്മേളനത്തിന് കുണിയ ഒരുങ്ങുന്നു. ഫെബ്രുവരി നാലു മുതല്‍ എട്ടുവരെ കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തിന് വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. നഗരിയില്‍ ഒരുക്കുന്ന കൂറ്റന്‍ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം ഇന്ന് വൈകിട്ട് മൂന്നിന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍ നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പിനുള്ള പന്തലിന്റെ കാല്‍നാട്ടലും ഇന്ന് നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബല്‍ എക്‌സ്‌പോ, ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളന നഗരി എന്നിവയിലും ആവശ്യമായ സ്റ്റേജും പന്തലും ഇതോടൊപ്പം തയ്യാറാക്കും. സംസ്ഥാനം കണ്ട ഏറ്റവും വലിയ പന്തലായിരിക്കും സമസ്തയുടെ നൂറാം വാര്‍ഷികത്തിന് ഒരുക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിജയഗാഥ പ്രചാരണ പര്യടനം ജനുവരി 17, 18 തീയതികളില്‍ മഞ്ചേശ്വരത്തില്‍ നിന്ന് തൃക്കരിപ്പൂരിലേക്ക് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പര്യടനത്തിന് നേതൃത്വം നല്‍കും. ഡിസംബര്‍ 10 വരെ ജില്ലയിലെ 12 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേഖലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. 20 മുതല്‍ 25 വരെ ശാഖാ കമ്മിറ്റികള്‍ ഗൃഹസന്ദര്‍ശനവും തേങ്ങാ സമാഹരണവും സംഘടിപ്പിക്കുന്നുണ്ട്.

Similar News