ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 16.6 ലക്ഷ രൂപ തട്ടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Update: 2025-12-04 09:33 GMT

കാസര്‍കോട്: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കാസര്‍കോട് സ്വദേശി നിസാമുദ്ദീനെ(35)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിസാമുദ്ദീന്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണെന്നാണ് വിവരം. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. സ്വകാര്യ ഷെയര്‍ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് പരാതിക്കാരനെ തട്ടിപ്പിന് വിധേയനാക്കിയത്. പരാതിക്കാരനെ കൊണ്ട് വ്യാജ ഷെയര്‍ ട്രേഡിങ്ങ് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഇതില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും അതിന് ശേഷം ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ചും ട്രേഡിങ്ങിനെ കുറിച്ചും സ്‌ക്രീന്‍ ഷോട്ടുകള്‍ മുഖേന പഠിപ്പിക്കുകയും ചെയ്ത് പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത ശേഷം ഈ വ്യാജ ആപ്പിലൂടെ പ്രതികള്‍ നിര്‍ദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനില്‍ നിന്ന് പണമയച്ചു വാങ്ങുകയും ചെയ്തു. രണ്ടു മാസത്തിനിടയില്‍ ഇത്തരത്തില്‍ 16.6 ലക്ഷം രൂപയാണ് പരാതിക്കാരന്‍ പ്രതികള്‍ക്ക് അയച്ചുകൊടുത്തത്. അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടില്‍ ലാഭം സഹിതം പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും ഇതില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പരാതിക്കാരന്‍ ഇതേക്കുറിച്ചു അന്വേഷിച്ചു. പണം തിരികെ ലഭിക്കാന്‍ ഇനിയും കൂടുതല്‍ പണമടക്കണമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 10ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Similar News