ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം;

Update: 2025-10-10 04:51 GMT

കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തിയ 22. 5 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നെല്ലിക്കട്ട ആമൂസ് നഗറിലെ അബ്ദുള്‍ റഹ്‌മാന്‍(55), പെരുമ്പളക്കടവ് കബീര്‍ മന്‍സിലില്‍ സി.എ അഹമ്മദ് കബീര്‍(43), ആദൂര്‍ കുണ്ടാറിലെ കെ.പി മുഹമ്മദ് ഹാരിസ്(40) എന്നിവര്‍ക്കാണ് കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. 2022 ഫെബ്രുവരി 4ന് രാത്രി 8.30ന് ചൗക്കി പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ കാസര്‍കോട് സബ് ഇന്‍സ്പെക്ടറായിരുന്ന പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓട്ടോ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

തുടര്‍ന്ന് കഞ്ചാവും വാഹനവും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ വിദ്യാനഗര്‍ ഇന്‍സ്പെക്ടറും ഇപ്പോള്‍ ബേക്കല്‍ ഡി.വൈ.എസ്.പിയുമായ വി.വി മനോജാണ് തുടരന്വേഷണം നടത്തിയത്. കാസര്‍കോട് ഇന്‍സ്പെക്ടറായിരുന്ന പി അജിത് കുമാറാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

Similar News