സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്ന കേസ്; പ്രതി പിടിയില്‍

Update: 2025-02-13 05:59 GMT

പിടിയിലായ പ്രതി സവാദ്‌

കാസര്‍കോട് : ഉപ്പള ടൗണില്‍ സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതി പൊസോട്ടെ സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഉപ്പളയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിലാണ് ചൊവ്വാഴ്ച രാത്രി സവാദിന്റെ കുത്തേറ്റ് സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശിയായ സുരേഷ് കുമാര്‍ പയ്യന്നൂരില്‍ താമസിച്ചുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സവാദിനെതിരെ മഞ്ചേശ്വരം പൊലീസ് കൊലകുറ്റത്തിന് കേസെടുത്തിരുന്നു. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സവാദ്. ആംബുലന്‍സ് മോഷണത്തിനും കഞ്ചാവ് വലിച്ചതിനും അടിപിടിക്കും കേസ് നിലവിലുണ്ട്.

Similar News