രമിതയെ ടിന്നറൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി രാമാമൃതം സ്ഥിരം പ്രശ്നക്കാരന്‍; യുവതിയെ മുമ്പും ഭീഷണിപ്പെടുത്തിയിരുന്നു

ഇയാള്‍ താമസിച്ച് പണിയെടുത്ത സ്ഥലങ്ങളിലൊക്കെയും മദ്യപിച്ചും അല്ലാതെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു.;

Update: 2025-04-16 05:38 GMT

മുന്നാട്: മണ്ണടുക്കത്തെ കടയില്‍ കയറി 27 കാരിയായ രമിതയെ ടിന്നറൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി രാമാമൃതം സ്ഥിരം പ്രശ്നക്കാരന്‍ എന്ന് പ്രദേശവാസികള്‍. തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് രാമാമൃതത്തിനെതിരെ രമിത മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ താമസിച്ച് പണിയെടുത്ത സ്ഥലങ്ങളിലൊക്കെയും മദ്യപിച്ചും അല്ലാതെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു.

അങ്ങോട്ട് ചെന്ന് ഇടപാട് ഉറപ്പിച്ച് മുന്‍കൂറായി പണം വാങ്ങും. എന്നാല്‍ ഇതിന് ശേഷം പണിയെടുത്ത് കൊടുക്കില്ല. അധികം തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താറുമുണ്ട്. ഇതുസംബന്ധിച്ച് പലരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് മലയോരത്തെത്തിയ രാമാമൃതം ഇതിനകം അഞ്ച് സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച് പണിയെടുത്തു.

കുറ്റിക്കോലില്‍ ഒരു ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്നതിനിടെ രാമാമൃതത്തിന്റെ രണ്ടാം ഭാര്യയെ ക്വാര്‍ട്ടേഴ് സിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും പരാതി ഇല്ലാത്തതിനാല്‍ അന്വേഷണം നടന്നില്ല. ആത്മഹത്യയാണെന്നായിരുന്നു നിഗമനം. താമസസ്ഥലത്ത് മദ്യസത് ക്കാരം നടത്തി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ ശീലം. ഇവരുമായി തന്നെ പിന്നെ വാക്കേറ്റവും അടിപിടിയും ഉണ്ടാക്കും.

മണ്ണടുക്കത്തെത്തി ഒരു വര്‍ഷമാകുന്നതേയുള്ളൂ. രാമാമൃതത്തിന്റെ ക്രൂരസ്വഭാവം അറിയാതെയാണ് കെട്ടിട ഉടമ ഇയാള്‍ക്ക് മുറി നല്‍കിയത്. ശല്യക്കാരന്‍ ആണെന്ന് അറിഞ്ഞയുടനെ മുറി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. സാധനങ്ങള്‍ തിരിച്ചെടുക്കാനെന്ന പേരില്‍ എത്തിയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഉച്ചയോടെ രമിതക്ക് നേരെ അക്രമം നടത്തിയത്. സംഭവശേഷം ഒന്നുമറിയാത്ത രീതിയില്‍ ബസ് കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Similar News