സമാന്തര ലോട്ടറിക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്; കാല്‍ലക്ഷത്തിലധികം രൂപയുമായി 4 പേര്‍ പിടിയില്‍
പരിശോധന നടത്തിയത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍;
കാസര്‍കോട്: സമാന്തര ലോട്ടറിക്കെതിരെ കാസര്‍കോട് പൊലീസ് നടപടി കടുപ്പിച്ചു. കാല്‍ലക്ഷത്തിലധികം രൂപയുമായി 4 പേര്‍ പൊലീസ് പിടിയിലായി. കാസര്‍കോട് കോട്ടക്കണ്ണി റോഡിലുള്ള കടയില്‍ അനധികൃത ലോട്ടറി ഇടപാട് നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധാനയിലാണ് നാല്‍വര്‍ സംഘം പിടിയിലായത്.
ഷിറിബാഗിലു ഭഗവതി നഗര്‍ സ്വദേശി രാധാകൃഷ്ണ ജി.ആര്‍(31), കുഡ്‌ലു ആര്‍.ഡി നഗറിലെ അഭിഷേക് കുമാര്‍(32), പവന്‍ രാജ് സി. ഷെട്ടി(25), കോട്ടക്കണ്ണി എന്‍.ആര്‍.എ റസിഡന്‍ഷ്യല്‍ ഏരിയയിലെ രാജപ്രസാദ് എസ്(36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 26,490 രൂപ പിടിച്ചെടുത്തു.
കേരള സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി നിയമത്തിന് വിരുദ്ധമായി മൊബൈല്‍ ഫോണും കടലാസും മറ്റും ഉപയോഗിച്ച് പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിച്ച് ഫോണിലൂടെ അയച്ചു കൊടുത്തും മറ്റുമാണ് ഇവരുടെ ഇടപാടെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ രാജീവന്റെ നേതൃത്വത്തിലായിരുന്നു കാസര്‍കോട് സബ് ഡിവിഷന്‍ സ്‌ക്വാഡ് അടങ്ങുന്ന സംഘം ഇവരെ പിടികൂടിയത്.