ബേഡകം കുറത്തിക്കുണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും കുത്തേറ്റു: കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
അക്രമത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു;
ബേഡകം: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാഞ്ഞിരത്തിങ്കാല്‍ കുറത്തിക്കുണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും കുത്തേറ്റു. ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ്, കുറത്തിക്കുണ്ടിലെ സനീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
സംഭവത്തില്‍ കോട്ടയം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ശനിയാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ജിഷ്ണുവും വിഷ്ണുവും അധ്യാപികയായ കുറത്തിക്കുണ്ടിലെ ഫെമിനയുടെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. വിവരമറിഞ്ഞ് ബേഡകം എസ്.ഐ എന്‍ രഘുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും സ്ഥലത്തെത്തിയപ്പോള്‍ ജിഷ്ണുവും വിഷ്ണുവും കത്തി വാള്‍ വീശുകയായിരുന്നു.
അക്രമത്തില്‍ സനീഷിന്റെ വയറിന് കുത്തേറ്റു. അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിന്റെ താടിക്ക് കുത്തേറ്റത്. അക്രമത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബേഡകം എ. എല്‍.പി സ്‌കൂള്‍ പരിസരത്ത് രണ്ട് കത്തി വാളുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.