രമിതക്ക് നാട് കണ്ണീരോടെ യാത്രാ മൊഴി നല്‍കി; അന്ത്യോപചാരമര്‍പ്പിച്ച് ജനപ്രതിനിധികളും നേതാക്കളും

ഭര്‍ത്താവ് നന്ദകുമാറും മകന്‍ ദേവനന്ദും രമിതക്ക് അവസാനമായി അന്ത്യാഞ്ജലി നല്‍കിയത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു;

Update: 2025-04-16 05:23 GMT

മുന്നാട്: ഫര്‍ണിച്ചര്‍ വ്യാപാരിയായ തമിഴ് നാട് സ്വദേശി ടിന്നര്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ഏഴ് ദിവസം അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പള്ളത്തിങ്കാല്‍ ചീച്ചക്കയ സ്വദേശിനി രമിതക്ക് നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി.

നൂറുകണക്കിനാളുകളാണ് രമിതക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയത്. മുന്നാട് മണ്ണടുക്കത്ത് രമിത സ്റ്റേഷനറി കട നടത്തുന്ന കെട്ടിടത്തിലെ മറ്റൊരു മുറിയില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച് നല്‍കുന്ന രാമാമൃതമാണ് ഏപ്രില്‍ എട്ടിന് വൈകിട്ട് ടിന്നറില്‍ തീ കൊളുത്തി രമിതക്ക് നേരെ എറിഞ്ഞത്. അന്ന് തൊട്ട് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രമിത ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

മംഗളൂരു സ്വകാര്യാസ്പത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്താണ് മൃതദേഹം നാട്ടിലെത്തിച്ചത്. മണ്ണടുക്കത്തെ ഭര്‍തൃവീട്ടില്‍ എത്തിച്ച ശേഷം മുന്നാട് അഴീക്കോടന്‍ സ്മാരക വായനശാലക്ക് മുന്‍വശം ഒരുക്കിയ പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിന് വെച്ചു.

ജനപ്രതിനിധികളും രാഷ്ട്രീയ സംഘടന പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ രമിതയെ അവസാനമായി കാണാനെത്തി. പിന്നീട് ചീച്ചക്കയയിലെ വീട്ടിലെത്തിച്ച് സന്ധ്യയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. വിവരമറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് നന്ദകുമാറും മകന്‍ ദേവനന്ദും രമിതക്ക് അവസാനമായി അന്ത്യാഞ്ജലി നല്‍കിയത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.

അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ, വൈസ് പ്രസിഡണ്ട് എ. മാധവന്‍, സി. ബാലന്‍, ഇ. പത്മാവതി, ഓമനാ രാമചന്ദ്രന്‍, അഡ്വ. സി. രാമചന്ദ്രന്‍, എം. അനന്തന്‍, കെ.പി രാമചന്ദ്രന്‍, ഇ. രാഘവന്‍, ഇ. മോഹനന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തമിഴ് നാട് ചിന്നപട്ടണം സ്വദേശിയായ രാമാമൃതത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച രാമാമൃതം ഇപ്പോള്‍ റിമാണ്ടിലാണ്.


 


Similar News