ദേശീയപാത: തലപ്പാടി-ചെങ്കള റീച്ച് സര്‍വീസ് റോഡില്‍ 'ടൂ വേ' അടയാളപ്പെടുത്തി; അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ വീതികൂട്ടണമെന്നാവശ്യം

By :  Sub Editor
Update: 2025-11-17 07:27 GMT

ദേശീയപാത സര്‍വീസ് റോഡില്‍ ഇരുഭാഗത്തേക്കുമുള്ള അടയാളം വരച്ചിട്ട നിലയില്‍

കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചില്‍ ദേശീയപാത സര്‍വീസ് റോഡില്‍ ടു വേ മാര്‍ക്കിടല്‍ പൂര്‍ത്തിയായി. നേരത്തെ ചിലയിടങ്ങളിലെങ്കിലും ഒരേ ദിശയില്‍ തന്നെ വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. സര്‍വീസ് റോഡില്‍ ദിശ സൂചിപ്പിച്ചുള്ള അടയാളം വരച്ചിട്ടതോടെ അപകടം ഒരു പരിധിവരെ കുറക്കാനാകുമെന്നാണ് കരുതുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ സര്‍വീസ് റോഡ് വണ്‍ വേ ആണെന്നുള്ള അറിയിപ്പ് കാസര്‍കോട്ടടക്കം പ്രചരിച്ചിരുന്നു. ഇവിടെയും സര്‍വീസ് റോഡ് വണ്‍വെ ആക്കിയെന്നുള്ള രീതിയിലായിരുന്നു പ്രചരണം. സര്‍വീസ് റോഡില്‍ രണ്ട് ഭാഗങ്ങളിലേക്കും അടയാളം വരച്ചിട്ടതോടെയാണ് ആശങ്ക നീങ്ങിയത്. 6.25 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡ് ടൂവേ ആണെന്ന് ദേശീയപാത വിഭാഗം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മലപ്പുറത്തെ അറിയിപ്പ് ആശങ്കയുണ്ടാക്കിയിരുന്നു.

വാഹനങ്ങള്‍ കയറാന്‍ മതിയായ സൗകര്യം ഇല്ലാത്ത സര്‍വീസ് റോഡിലെ നടപ്പാതയില്‍ പോലും വാഹനങ്ങള്‍ നേര്‍ക്കുനേര്‍ ഓടിച്ചിരുന്നത് നേരത്തെ അപകടം ക്ഷണിച്ചുവരുത്തിയിരുന്നു. പലയിടങ്ങളിലും ഇത്തരത്തില്‍ വാഹനങ്ങള്‍ ഓടിച്ചിരുന്നത് കാരണംഅപകടം പതിവായിരുന്നു.

ഒരു ബസ് മുന്നിലുണ്ടെങ്കില്‍ ഒരു കാറിനു കഷ്ടിച്ച് മറികടന്നു പോകാനുള്ള സൗകര്യം മാത്രമാണ് സര്‍വീസ് റോഡില്‍ മിക്കയിടത്തുമുള്ളത്. ഇവിടങ്ങളില്‍ അപകടസാധ്യതയേറെയാണ്. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് അപകടസാഹചര്യം കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സര്‍വീസ് റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് ആളുകളെ കയറ്റുന്നത് വലിയ ഗതാഗത കുരുക്കിന് കാരണമാവുന്നതിനൊപ്പം അപകട സാധ്യതയും ഉണ്ടാക്കുന്നു. നടപ്പാതയുള്ള ഇടങ്ങളില്‍ തന്നെ ട്രാന്‍സ്‌ഫോമര്‍, വൈദ്യുതി തൂണ്‍ തുടങ്ങിയവ ഉള്ളതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡില്‍ ഇറങ്ങേണ്ടി വരുന്നു. ഇത് വാഹനങ്ങളുടെ പോക്കുവരവിന് തടസം ഉണ്ടാക്കുകയും അപകടം വരുത്തുകയും ചെയ്യും. ഇരുചക്ര വാഹനങ്ങള്‍ പലതും നടപ്പാതകളില്‍ കയറിവരുന്നതും യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു.

വിവിധ സ്ഥാപനങ്ങളുടെ അരികിലുള്ള നടപ്പാതകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും പതിവാണ്. ഇവിടെയും കാല്‍നട യാത്രക്കാര്‍ക്ക് സര്‍വീസ് റോഡില്‍ നടക്കേണ്ട സ്ഥിതിയാണ്. ലോറികള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ ഇറക്കാനും കയറ്റാനും തിരിക്കുന്നതിനിടെയുള്ള ഗതാഗത കുരുക്കും വേറെ. സര്‍വീസ് റോഡ് ആവശ്യമായ വീതി ഇല്ലാത്തതിന്റെ ദുരിതം യാത്രക്കാര്‍ അനുഭവിക്കണം.

കാസര്‍കോട് നഗരത്തില്‍ പുതിയ ബസ്സ്റ്റാന്റ് മുതല്‍ പെട്രോള്‍ പമ്പ് വരെയുള്ള 60 മീറ്റര്‍ സര്‍വീസ് റോഡിന് 6 മീറ്റര്‍ വീതിയേയുള്ളൂ. ഇവിടെ നടപ്പാത ഭാഗവും സര്‍വീസ് റോഡായി ഉപയോഗിക്കുന്നു. വൈദ്യുതി തൂണും നടപ്പാതയിലാണുള്ളത്. ഇവിടെ കാല്‍നടയാത്രക്കാര്‍ വലിയ ഭീതിയോടെയാണ് നടന്നുപോകുന്നത്. ട്രാഫിക് നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങും സര്‍വീസ് റോഡില്‍ വില്ലനായി മാറുന്നു. ബോധവല്‍ക്കരണവും പൊലീസ് സാന്നിധ്യവും മിക്കയിടങ്ങളിലും ആവശ്യമായിട്ടുണ്ട്. ഇല്ലെങ്കില്‍ അപകടത്തിന് സാധ്യത ഏറെയാണ്.

സര്‍വീസ് റോഡില്‍ മിക്കയിടങ്ങളിലും സ്ഥലക്കുറവും അപകട ഭീഷണിയും മുന്നില്‍ കാണുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായാണ് പരാതി. ദേശീയപാതയില്‍ അടുത്തകാലങ്ങളില്‍ നടന്ന മിക്ക അപകടങ്ങളും ഇത്തരം അനാസ്ഥയുടെ ഫലമാണ്.

ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡുകളില്‍ സുഗമമായ വാഹനഗതാഗതവും കാല്‍നട യാത്രയും ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതിന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പരിശ്രമിക്കണം. തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഉദ്ഘാടനത്തിന് മുന്നോടിയായെങ്കിലും ഇത്തരം പരാതികള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു.


Similar News