കെട്ടിട നികുതി അടയ്ക്കാനെത്തിയ പ്രവാസിയോട് മധൂര്‍ പഞ്ചായത്ത് സെക്രട്ടറി തട്ടിക്കയറിയതായി പരാതി
കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ കെട്ടിട നികുതി അടയ്ക്കാനെത്തിയ പ്രവാസിയായ പൊതു പ്രവര്‍ത്തകനോട് പഞ്ചായത്ത് സെക്രട്ടറി അസഭ്യം പറഞ്ഞ് തട്ടിക്കയറിയതായി പരാതി. തളങ്കര തെരുവത്തെ മജീദ് തെരുവത്താണ് ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പൊലീസിലും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്. 13ന് വൈകിട്ട് 4 മണിക്കാണ് സംഭവം. ബന്ധുവിന്റെ കെട്ടിട നികുതി അടക്കാന്‍ വേണ്ടി മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയതായിരുന്നു മജീദ്. സെക്ഷന്‍ ഓഫീസറായ ക്ലര്‍ക്കിനോട് സംസാരിച്ച് കൊണ്ടിരിക്കെ പഞ്ചായത്ത് സെക്രട്ടറി കടന്നുവരികയും ഗെറ്റ് ഔട്ട് റാസ്‌ക്കല്‍ എന്ന് പറഞ്ഞ് ഇറക്കിവിടുകയും ചെയ്തുവെന്ന് മജീദ് പരാതിയില്‍ പറയുന്നു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും അവിടെ ഉണ്ടായിരുന്ന നിരവധി പേരുടെ മുമ്പില്‍ വെച്ചാണ് അധിക്ഷേപിച്ചതെന്നും ഇതുമൂലം വലിയ മാനസിക പ്രയാസം ഉണ്ടായെന്നും പരാതിയില്‍ വ്യക്തമാക്കി.