സുനില്‍ ഗവാസ്‌കര്‍ കാസര്‍കോട്ട്; ജില്ലയുടെ ക്രിക്കറ്റ് പെരുമ വാനോളം
മംഗളൂരു വിമാനത്താവളത്തിലെത്തിയ സുനില്‍ ഗവാസ്‌കറെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ ഷാഫി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.എം ബഷീര്‍, നഗരസഭാ കൗണ്‍സിലര്‍ കെ.എം ഹനീഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു
കാസര്‍കോട്: ക്രിക്കറ്റിനോടുള്ള തുളുനാടിന്റെ ആവേശത്തിന് ഇരട്ടിക്കരുത്ത് പകര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ കാസര്‍കോടെത്തി. കാസര്‍കോട് നഗരസഭയുടെ ആദരം ഏറ്റുവാങ്ങാനും മുനിസിപ്പല്‍ സ്റ്റേഡിയം റോഡിന് തന്റെ പേര് നാമകരണം ചെയ്യാനുമായാണ് അദ്ദേഹം ജില്ലയിലെത്തിയത്. ദുബായില്‍ നിന്ന് പുലര്‍ച്ചെ 4.15ന് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗവാസ്‌കറിനെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ ഷാഫി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.എം ബഷീര്‍, നഗരസഭാ കൗണ്‍സിലര്‍ കെ.എം ഹനീഫ് എന്നിവര്‍ ചേര്‍ന്ന് വരവേറ്റു. ദുബായില്‍ നിന്ന് ഗവാസ്‌കറെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, റഫീഖ് തളങ്കര എന്നിവര്‍ അനുഗമിച്ചിരുന്നു. ദുബായില്‍ ഇന്നലെ രാത്രി നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം വിലയിരുത്തിയതിന് ശേഷമാണ് അര്‍ദ്ധരാത്രിയോടെ ഗവാസ്‌കര്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടത്.
മംഗളൂരുവിലെ താജ് വിവാന്തയില്‍ തങ്ങിയ ഗവാസ്‌കര്‍ ഉച്ചയോടെ തന്റെ ആത്മസുഹൃത്ത് ഖാദര്‍ തെരുവത്തിന്റെ കാസര്‍കോട് വിദ്യാനഗറിലെ വീട്ടിലെത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെയും ഖാദര്‍ തെരുവത്തിന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് കാസര്‍കോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച് ഇന്ത്യയുടെ അഭിമാന താരങ്ങളിലൊരാളായ ഗവാസ്‌കര്‍ ആദ്യമായി കാസര്‍കോടിന്റെ മണ്ണില്‍ കാലുകുത്തിയത്.
3.30ന് വിദ്യാനഗര്‍ സ്റ്റേഡിയം ജംഗ്ഷനില്‍ അദ്ദേഹം സ്റ്റേഡിയത്തിലേക്കുള്ള റോഡിന് തന്റെ പേര് നാമകരണം ചെയ്യും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ഗവാസ്‌കറെ ചെട്ടുംകുഴിയിലെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ആനയിക്കും. അവിടെ നടക്കുന്ന ചടങ്ങില്‍ ഗവാസ്‌കറെ കാസര്‍കോട് പൗരാവലിക്ക് വേണ്ടി ആദരിക്കും. ഖാദര്‍ തെരുവത്ത് ആമുഖ പ്രസംഗം നടത്തും. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം ആശംസിക്കും. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മൂവരും ചേര്‍ന്ന് പൊന്നാടയും പൂക്കുടയും തേക്കില്‍ പ്രത്യേകം തയ്യാറാക്കിയ ഉപഹാരവും നല്‍കി ആദരിക്കും. സൈദ അബ്ദുല്‍ ഖാദര്‍ ഗവാസ്‌കറെ പരിചയപ്പെടുത്തും. ഇ. ചന്ദ്രശേഖര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ എന്നിവര്‍ സംസാരിക്കും. സ്വീകരണത്തിന് സുനില്‍ ഗവാസ്‌കര്‍ മറുപടി പറയും. ടി.എ ഷാഫി നന്ദി പറയും.