ഇന്ത്യ-പാക് സംഘര്‍ഷം; കാസര്‍കോട്ട് എച്ച്.എ.എല്ലിന്‌ കനത്ത സുരക്ഷ

പെരിയ കേന്ദ്രസര്‍വകലാശാല, കാസര്‍കോട് സി.പി.സി.ആര്‍.ഐ എന്നിവിടങ്ങളിലും കര്‍ശന സുരക്ഷ;

Update: 2025-05-09 05:05 GMT

കാസര്‍കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ട് യുദ്ധവിമാനങ്ങളുടെ പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന് കനത്ത സുരക്ഷയേര്‍പ്പെടുത്തി. കാസര്‍കോട് സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എ.എല്‍ സ്ഥാപനത്തിനാണ് പൊലീസ് കാവലും നിരീക്ഷണവുമേര്‍പ്പെടുത്തിയത്.

കൂടാതെ പെരിയ കേന്ദ്രസര്‍വകലാശാല, കാസര്‍കോട് സി.പി.സി.ആര്‍.ഐ എന്നിവിടങ്ങളിലും സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ബദ്രടുക്ക കമ്പാറില്‍ പ്രവര്‍ത്തിക്കുന്ന കെല്ലും നിരീക്ഷണത്തിലാണ്. സംഘര്‍ഷ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളും റെയില്‍പാതകളും നിരീക്ഷണത്തിലാണ്. റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധനകളും നിരീക്ഷണവും സജീവമായിട്ടുണ്ട്. തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കുന്നുണ്ട്. കടല്‍ മാര്‍ഗമുള്ള ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരദേശങ്ങളില്‍ ജാഗ്രത ഏര്‍പ്പെടുത്തിയത്. വിദേശികള്‍ അടക്കമുള്ളവര്‍ താമസിക്കുന്ന വന്‍കിട ഹോട്ടലുകളിലും പരിസരങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar News