ജില്ലാ പഞ്ചായത്ത്: ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫ്. സി.പി.എം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, എല്ലാവരും പുതുമുഖങ്ങള്‍

By :  Sub Editor
Update: 2025-11-14 10:50 GMT

കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് സി.പി.എം. സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

കാസര്‍കോട്: ജില്ലാ പഞ്ചായത്തില്‍ സീറ്റ് വിഭജന ധാരണയായതോടെ ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം. 10 ഡിവിഷനില്‍ സി.പി.എമ്മും മൂന്നിടത്ത് സി.പി.ഐയും രണ്ടിടത്ത് ഐ.എന്‍.എല്ലും മത്സരിക്കും. ഇത്തവണയും എല്‍.ഡി.എഫ് സ്വതന്ത്രരെ രംഗത്തിറക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് (എം), ആര്‍.ജെ.ഡി, എന്‍.സി.പി എന്നീ കക്ഷികള്‍ ഓരോ ഡിവിഷനിലും മത്സരിക്കും.

ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍, ചിറ്റാരിക്കാല്‍, പുത്തിഗെ, കുമ്പള, ചെങ്കള, ദേലമ്പാടി ഡിവിഷനുകളിലാണ് സി.പി.എം മത്സരിക്കുക. പെരിയ, കുഞ്ചത്തൂര്‍, ബദിയഡുക്ക എന്നീ ഡിവിഷനുകളില്‍ സി.പി.ഐയും കള്ളാറില്‍ കേരള കോണ്‍ഗ്രസ്(എം), പിലിക്കോട് ആര്‍.ജെ.ഡി, മഞ്ചേശ്വരത്ത് എന്‍.സി.പി(എസ്), ഉദുമ, സിവില്‍ സ്റ്റേഷന്‍ ഡിവിഷനുകള്‍ ഐ.എന്‍.എല്‍ എന്നിങ്ങനെയാവും മത്സരിക്കുക. മുന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന ജെയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ വികസന മുന്നണിയെ പിന്തുണച്ച ചിറ്റാരിക്കാല്‍ ഡിവിഷന്‍ ഇത്തവണ സി.പി.എമ്മിന് അധികമായി ലഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ച് ജില്ലാ സെക്രട്ടറിയേറ്റംഗവും സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറിയും കേരള ബാങ്ക് ഡയറക്ടറുമായ സാബു എബ്രാഹാം കുറ്റിക്കോല്‍ ഡിവിഷനില്‍ നിന്ന് ജനവിധി തേടും.

കള്ളാര്‍ ലോക്കല്‍ സെക്രട്ടറിയും എ.കെ.എസ് സംസ്ഥാന ട്രഷററുമായ ഒക്ലാവ് കൃഷ്ണന്‍ കയ്യൂര്‍ സംവരണ ഡിവിഷനില്‍ നിന്ന് ജനവിധി തേടും. സി.പി.എം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഹനിഫ് (പുത്തിഗെ), എസ്.എഫ്.ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം ഡോ. സെറീന സലാം (ചെറുവത്തൂര്‍), മുന്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗവുമായ കെ.സബീഷ് (മടിക്കൈ), സി.പി.എം കുമ്പള ലോക്കല്‍ സെക്രട്ടറി കെ.ബി യൂസഫ് (കുമ്പള), മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം ഒ. വത്സല(ദേലമ്പാടി), സി.പി.എം സ്വതന്ത്രയായി സഹര്‍ബാനു സാഗര്‍ (ചെങ്കള), മുന്‍ പള്ളിക്കര പഞ്ചായത്ത് അംഗം ടി.വി.രാധിക(ബേക്കല്‍) എന്നിവരാണ് സി.പി.എമ്മിന്റെ മറ്റു സ്ഥാനാര്‍ത്ഥികള്‍.

പിലിക്കോട് ഡിവിഷനില്‍ ആര്‍.ജെ.ഡിയിലെ എം. മനു വീണ്ടും മത്സരിക്കും. കള്ളാറില്‍ ബളാല്‍ പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി അധ്യക്ഷ കേരള കോണ്‍ഗ്രസ് എമ്മിലെ റീന തോമസും മത്സരിക്കും. മറ്റു ഘടക കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ജില്ലയിലെ മുനിസിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 17-നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഡുതല കണ്‍വെന്‍ഷനുകള്‍ 30നകം വിളിച്ചുചേര്‍ക്കും. മറ്റു പ്രശ്‌നങ്ങളില്ലെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നുമറിയിച്ച് ഘടകകക്ഷി നേതാക്കളെല്ലാവരും ഒന്നിച്ചിരുന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി. സതീശ്ചന്ദ്രന്‍, എം. രാജഗോപാലന്‍ എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, കെ.വി. കുഞ്ഞിരാമന്‍, സി.പി. ബാബു, സജി സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, അഹമ്മദലി കുമ്പള, അസീസ് കടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Similar News