പകുതി വില തട്ടിപ്പ് കാസര്‍കോടും: ലക്ഷങ്ങള്‍ തട്ടിയെടുത്തു; അന്വേഷണം ആരംഭിച്ചു
കാസര്‍കോട്/തിരുവനന്തപുരം: പകുതി വില തട്ടിപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും നിരവധി പേര്‍ ഇരകളായതായി പരാതി. കുമ്പഡാജെ മൈത്രി വായനശാല വഴി നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ കമ്പനി തട്ടിപ്പ് നടത്തിയെന്നും 33 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും കാണിച്ച് മൈത്രി വായനശാല ഭാരവാഹികള്‍ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. പരാതിയിന്മേല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പ് കേസില്‍ പ്രതികളായ ആനന്ദ്കുമാറും അനന്തകൃഷ്ണനും 2023ല്‍ മൈത്രി വായനശാല വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പകുതി വിലക്ക് കുറച്ച് സ്‌കൂട്ടറുകളും ലാപ്‌ടോപ്പുകളും തയ്യല്‍ മെഷീനുകളും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മറ്റ് ആളുകളും പണം നിക്ഷേപിച്ചു. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന പണപ്പിരിവിന് ശേഷം സ്‌കൂട്ടര്‍ നല്‍കാന്‍ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ കമ്പനി തയ്യാറായില്ലെന്നാണ് പരാതി. 36 സ്‌കൂട്ടറുകളാണ് നല്‍കാനുള്ളത്. നേരത്തെ 40 സ്‌കൂട്ടറുകളും 70 ലാപ്‌ടോപ്പുകളും നല്‍കിയിരുന്നു. ഇങ്ങനെയാണ് തട്ടിപ്പുകാര്‍ വിശ്വാസം നേടിയെടുത്തത്. പിന്നീട് മൈത്രി വായനശാല ഭാരവാഹികള്‍ അനന്തകൃഷ്ണനുമായി പരിചയപ്പെടുകയും പാതിവിലക്ക് സ്‌കൂട്ടറുകളും മറ്റും നല്‍കുന്നതിനുള്ള ഇടപാടുകള്‍ തുടരുകയുമായിരുന്നു.
കാഞ്ഞങ്ങാട്ടും പരാതികളുമായി പലരും രംഗത്തുവന്നിട്ടുണ്ട്. കമ്പനിക്കെതിരെ അടുത്ത ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി.ജി.പി ഉത്തരവിറക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലീസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാര്‍ പ്രതിഫലം വാങ്ങിയതിന്റ രേഖകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
കാഞ്ഞങ്ങാട്ടും തട്ടിപ്പ്; നൂറിലേറെ പേര്‍ക്ക് പണം നഷ്ടമായി
കാഞ്ഞങ്ങാട്: പാതിവിലയ്ക്ക് സ്‌കൂട്ടറും ലാപ്ടോപ്പുമുള്‍പ്പടെ നല്‍കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ കാഞ്ഞങ്ങാട്ടെ നൂറിലേറെ പേര്‍ക്ക് പണം നഷ്ടമായി. കാഞ്ഞങ്ങാട് മോനാച്ചയിലെ സോഷ്യോ ഇക്കണോമിക്ക് ഡെവലപ്മെന്റ് സൊസൈറ്റി വഴി പണമടച്ച 106 പേര്‍ക്കാണ് പണം നഷ്ടമായത്. ഇത്രയും പേരില്‍ നിന്ന് 41,08,000 രൂപയാണ് സൊസൈറ്റി വാങ്ങിയത്. പണം തട്ടിയെടുത്ത നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ അധികൃതര്‍ക്കെതിരെ സൊസൈറ്റി ഡയറക്ടര്‍ രാമകൃഷ്ണന്‍ മോനാ ച്ച ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.