സ്വിഫ്റ്റ് കാറിലും ഓട്ടോയിലുമായി കടത്തിയ 453.6 ലിറ്റര്‍ മദ്യം പിടികൂടിയ കേസ്; രക്ഷപ്പെട്ട മുഖ്യപ്രതി അറസ്റ്റില്‍
കാസര്‍കോട്: സ്വിഫ്റ്റ് കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 453.6 ലിറ്റര്‍ മദ്യം പിടികൂടിയ കേസില്‍ രക്ഷപ്പെട്ട മുഖ്യപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ അണ്ണു എന്ന അരവിന്ദയെയാണ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.പി ജനാര്‍ദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ തലപ്പാടി ദേവിപുരം റോഡില്‍ തച്ചാണി എന്ന സ്ഥലത്ത് നിന്നാണ് അരവിന്ദയെ പിടികൂടിയത്.
കഴിഞ്ഞ ജൂണില്‍ അടുക്കത്ത് ബയല്‍ ദേശീയപാതയില്‍ പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സ്വിഫ്റ്റ് കാറിലും ഓട്ടോറിക്ഷയിലും കടത്തുകയായിരുന്ന 108 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവും 345.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവും പിടികൂടുകയായിരുന്നു. അന്ന് കുഡ്ലു രാംദാസ് നഗറിലെ പുരുഷോത്തമയെ(31) എക്സൈസ് അറസ്റ്റ് ചെയ്തെങ്കിലും അരവിന്ദ രക്ഷപ്പെടുകയാണുണ്ടായത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. അരവിന്ദയെ ഹൊസ്ദുര്‍ഗ് കോടതി റിമാണ്ട് ചെയ്തു.