രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ഉദുമ സ്വദേശിക്കെതിരെ കേസ്

Update: 2025-12-02 08:32 GMT

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് ഉദുമ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഉദുമ ബാര സ്വദേശിയായ ജയരാജിനെതിരെയാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. അതിജീവിതയുടെ അന്തസ് ഹനിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ ജയരാജ് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതിനാണ് കേസ്. രാഹുലിനെതിരെ പീഡനപരാതി നല്‍കിയ യുവതിയെ തിരിച്ചറിയുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്കും അതിജീവിതയെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റുകളിടുന്നവര്‍ക്കുമെതിരെ പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിജീവിതയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനായി വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനാണ് രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കുടുതല്‍ പേര്‍ക്കെതിരെ പൊലീസ് നിയമ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

അതിനിടെ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലെന്ന പോലെ കാസര്‍കോട്ടും അന്വേഷണം നടക്കുന്നുണ്ട്.

Similar News