കാസര്‍കോട്ട് ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ടത് പലക കഷണം കൊണ്ട് തലക്കടിയേറ്റ്; സഹോദരീ ഭര്‍ത്താവ് റിമാണ്ടില്‍; കൊല നടത്തിയത് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍

മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത് ഒപ്പം താമസിച്ചിരുന്നവരടക്കം 14 പേരെ;

Update: 2025-04-24 04:18 GMT

കാസര്‍കോട്: ആനബാഗിലുവില്‍ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ടത് തലക്കടിയേറ്റെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊഴി. പശ്ചിമ ബംഗാളിലെ ജല്‍പായ് ഗുഡി സ്വദേശിയായ സുശാന്ത് റോയി(28) കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഹോദരീ ഭര്‍ത്താവ് ബംഗാള്‍ മല്ലിക് പര സ്വദേശി സഞ്ജിത് റോയിയെ(35) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അറസ്റ്റിലായ സഞ്ജിത് റോയിയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. പലക കഷണം കൊണ്ടുള്ള അടിയേറ്റാണ് സുശാന്ത് റോയി മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ കാസര്‍കോട് ആനബാഗിലുവിലെ കെട്ടിടനിര്‍മ്മാണ സ്ഥലത്താണ് സുശാന്ത് റോയിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്നവരടക്കം 14 പേരെ കാസര്‍കോട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് സഞ്ജിത്് പിടിയിലായത്.

കെട്ടിട നിര്‍മ്മാണ കരാര്‍ ജോലിക്കാണ് സുശാന്ത് റോയി മൂന്നുമാസം മുമ്പ് കാസര്‍കോട്ടെത്തിയത്. സഹോദരീ ഭര്‍ത്താവ് സഞ്ജിത് റോയി സുശാന്തിനൊപ്പമായിരുന്നു താമസം. സംഭവദിവസം സുശാന്ത് റോയി അമിതമായി മദ്യപിച്ച് അക്രമാസക്തനാകുകയും ബഹളം വെക്കുകയും റോഡിലൂടെ പോകുന്നവരെ അസഭ്യം പറയുകയും ചെയ്തിരുന്നു. പിന്നീട് കെട്ടിടനിര്‍മ്മാണ സ്ഥലത്തെത്തി സഞ്ജിത് റോയിയെ മര്‍ദിച്ചു.

ഇതോടെ പ്രകോപിതനായ സഞ്ജിത് നിലത്ത് കിടന്ന പലക കഷണമെടുത്ത് സുശാന്ത് റോയിയുടെ തലക്കടിച്ചു. അടിയേറ്റ് കുറച്ചുദൂരം നടന്ന സുശാന്ത് കുഴഞ്ഞുവീണു. അവിടെയുണ്ടായിരുന്നവര്‍ സുശാന്തിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സുശാന്ത് റോയിയുടെ കൂടെ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ നാലുപേര്‍ പൊലീസ് അന്വേഷണം ഭയന്ന് നാടുവിട്ടിരുന്നു.

സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രകാശ് റോയ്, ശ്യാമള്‍ റോയ്, സുഭാഷ് റോയ്, പഭിത്ര ബര്‍മന്‍ എന്നിവരെ ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡിയുടെ ഇടപെടലിനെ തുടര്‍ന്ന് പാലക്കാട് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയാണുണ്ടായത്.

കാസര്‍കോട് എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒറ്റപ്പാലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെയും സഞ്ജിത് റോയിയെയും മറ്റ് ബംഗാള്‍ സ്വദേശികളെയും മലയാളികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം നടത്തിയത് സഞ്ജിത് റായിയാണെന്ന് വ്യക്തമായത്.

Similar News