ഒടുവില്‍ അധികൃതര്‍ ഉണര്‍ന്നു; കാസര്‍കോട് നഗരത്തില്‍ കന്നുകാലികളെ അഴിച്ചു വിട്ടാല്‍ നടപടി
കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റ് കയ്യേറി യാത്രക്കാര്‍ക്കും ബസ് കാത്തിരിപ്പുകാര്‍ക്കും കച്ചവടക്കാര്‍ക്കും ശല്യമായിമാറിയിരുന്ന കന്നുകാലികളെ അഴിച്ചു വിടുന്നതിനെതിരെ നടപടിയുമായി നഗരസഭാ അധികൃതര്‍. അലഞ്ഞുതിരിയുന്ന കാലികളെ മറ്റൊരറിയിപ്പില്ലാതെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 439(3) പ്രകാരം പിടിച്ചുകെട്ടി ഉടമസ്ഥരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളാവും സ്വീകരിക്കുക. പിടിച്ചെടുക്കുന്ന കന്നുകാലികളെ ലേലം ചെയ്യും. ഇതിന്റെ ചെലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളാവും സ്വീകരിക്കുക. കന്നുകാലി വളര്‍ത്തുന്നവര്‍ അവകളെ സുരക്ഷിതമായി കെട്ടി പരിപാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. മഴക്കാലം തുടങ്ങിയ ശേഷം കന്നുകാലികളുടെ ശല്യം നഗരത്തില്‍ വര്‍ധിച്ചിരിക്കുക്കയാണ്. പശുക്കളും കിടാങ്ങളും ബസ് നിര്‍ത്തുന്ന ഇടങ്ങളിലും വരാന്തയിലും കൂട്ടമായി വിശ്രമിക്കുന്നത് പതിവ് കാഴ്ചയാണ്. യാത്രക്കാര്‍ നേരിടുന്ന ദുരിതം സംബന്ധിച്ച് നേരത്തെ ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. പകല്‍ സമയങ്ങളില്‍ കൂട്ടമായി നഗരത്തിലൂടെ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നു. രാത്രിയായാല്‍ പുതിയ ബസ്സ്റ്റാന്റിലും പരിസരത്തുമാവും കിടക്കുക. ഇതുകാരണം ബസ്സ്റ്റാന്റിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ടാവുന്നു. കടവരാന്തകളിലും മറ്റും ചാണകമിട്ടും മൂത്രമൊഴിച്ചും വൃത്തികേടാക്കുന്നത് വ്യാപാരികള്‍ക്കും ദുരിതമായി. രാത്രിയില്‍ സ്റ്റാന്റിലെത്തുന്ന കാല്‍നട യാത്രക്കാര്‍ക്കും ഇവ ഭീഷണിയാവുന്നു. പിഴ അടക്കമുള്ള നടപടിയുമായി അധികൃതര്‍ രംഗത്ത് വന്നതോടെ കന്നുകാലി ശല്യത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും വ്യാപാരികളും.