ലൈംഗികാതിക്രമം: വിവിധ കേസുകളിലായി കോടതി ശിക്ഷിച്ചത് 3 പേരെ

ശിക്ഷിച്ചത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍;

Update: 2025-08-01 06:24 GMT

കാഞ്ഞങ്ങാട്: ലൈംഗികാതിക്രമം സംബന്ധിച്ച വിവിധ കേസുകളിലായി കോടതി ശിക്ഷിച്ചത് 3 പേരെ. ഏഴുവയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസില്‍ പൈക്കയിലെ ബാല കൃഷ്ണനെ(53) ഹൊസ് ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി പി.എം. സുരേഷ് 11 വര്‍ഷം തടവിന് ശിക്ഷിച്ചു. 20,000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മടിക്കൈ ബങ്കളത്തെ കെ.അശോകനെ(47) ഹൊസ് ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി ഏഴുവര്‍ഷം തടവിനും 15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കഴിഞ്ഞവര്‍ഷം മേയ് 15-ന് വീട്ടില്‍ അതിക്രമിച്ച് കയറി തനിച്ചായിരുന്ന 14 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

കാഞ്ഞങ്ങാട് നഗരത്തിലെ നടപ്പാതയിലൂടെ പോകുകയായിരുന്ന 16 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നോര്‍ത്ത് കോട്ടച്ചേരിയിലെ പി അശോകനെ (60) അഞ്ചുവര്‍ഷം തടവിനും 11,000 രൂപ പിഴയടയ്ക്കാനും ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചു. 2021 സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Similar News