ഡ്രൈവറുടെ തോളില്‍ മൂങ്ങ പറന്നിരുന്നു; നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു
ചട്ടഞ്ചാല്‍: ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ തോളില്‍ മൂങ്ങ പറന്നിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ തളങ്കര സ്വദേശി യൂസഫിന്(50) പരിക്കേറ്റു. ഇന്നലെ രാത്രി 8.30 മണിയോടെ ചട്ടഞ്ചാല്‍-ദേളി റോഡില്‍ ബെണ്ടിച്ചാലിലാണ് അപകടം നടന്നത്. യൂസഫ് കാസര്‍കോട്ട് നിന്ന് ബെണ്ടിച്ചാലിലേക്കുള്ള യാത്രക്കാരനെ ഇറക്കിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ഇതിനിടെ ഒരു മൂങ്ങ പാറിവന്ന് യൂസഫിന്റെ തോളിലിരുന്നു. യൂസഫ് വെപ്രാളത്തോടെ മൂങ്ങയെ തട്ടിമാറ്റുന്നതിനിടെയാണ് ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചത്. ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. വൈദ്യുതി തൂണ്‍ തകരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കേറ്റ യൂസഫ് ചട്ടഞ്ചാലിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രഥമശുശ്രൂഷ തേടി.