അഡ്വ. സുഹാസ് വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് തോമസ് രാജിവെച്ചു
ആരോഗ്യകാരണങ്ങളാലാണ് ജോസഫ് തോമസിന്റെ രാജിയെന്നാണ് വിവരം;
കാസര്‍കോട്: ബി.എം.എസ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന അഡ്വ. സുഹാസ് വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് തോമസ് രാജിവെച്ചു. ആരോഗ്യകാരണങ്ങളാലാണ് ജോസഫ് തോമസിന്റെ രാജിയെന്നാണ് വിവരം.
സുഹാസ് വധക്കേസിന്റെ വിചാരണ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. ജോസഫ് തോമസിന്റെ രാജിയോടെ കേസില്‍ ഹാജരാകാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാറിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. അതിനിടെ അഡ്വ. പി പ്രേമരാജനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സുഹാസിന്റെ അമ്മ പ്രേമ നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
2008 ഏപ്രില്‍ 17ന് വൈകിട്ട് കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഭിഭാഷകന്റെ ഓഫീസിന് സമീപത്തുവെച്ചാണ് സുഹാസിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുഹാസ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആറുപ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഏഴാംപ്രതിയെ കണ്ടാലറിയാമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രതിയെ തിരിച്ചറിഞ്ഞതിനാല്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം അന്വേഷണം നടക്കുകയാണ്. അഭിഭാഷകന്‍ കൊല്ലപ്പെട്ട കേസായതുകൊണ്ടാണ് കാസര്‍കോട്ട് വിചാരണ നടത്താതെ തലശ്ശേരിയിലേക്ക് മാറ്റിയത്.