'ബദിയടുക്കയില്‍ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചു'; 4 പേര്‍ക്കെതിരെ കേസ്
സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം എന്ന് പൊലീസ്;
ബദിയടുക്ക : മാവിനക്കട്ടയില്‍ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചു. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന സ്വകാര്യബസിന്റെ ഡ്രൈവര്‍ പെരിയ പെരിയാനം സൗപര്‍ണ്ണിക നിവാസില്‍ ശിവനാഥ്(30), കണ്ടക്ടര്‍ വിനോദ് കുമാര്‍(28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ കുമ്പള-മുള്ളേരിയ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവദുര്‍ഗ്ഗ ബസിലെ ജീവനക്കാരനുള്‍പ്പെടെ നാലുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. കുമ്പളയില്‍ നിന്ന് മുള്ളേരിയയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബദിയടുക്ക മാവിനക്കട്ടയിലെത്തിയപ്പോള്‍ കാറിലെത്തിയ സംഘം ബസ് തടയുകയും ഡ്രൈവര്‍ ശിവനാഥിനെ വലിച്ച് പുറത്തേക്കിട്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
ശിവനാഥിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വിനോദ് കുമാറിനും മര്‍ദനമേറ്റത്. അടിയേറ്റ് ശിവനാഥിന്റെ കണ്ണട തകര്‍ന്നു. എട്ടായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം എന്നാണ് പൊലീസ് നല്‍കുന്ന സൂചന.