ആണ്‍സുഹൃത്തിനെ തേടി പത്തനം തിട്ടയില്‍ നിന്നും കാസര്‍കോട്ടെത്തിയ 13കാരി റെയില്‍വെ പൊലീസിന്റെ പിടിയില്‍
കുട്ടിയെ റെയില്‍വെ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറി;
കാസര്‍കോട്: ആണ്‍സുഹൃത്തിനെ തേടി പത്തനം തിട്ടയില്‍ നിന്നും അഞ്ഞൂറ് കിലോ മീറ്ററോളം സഞ്ചരിച്ച് കാസര്‍കോട്ടെത്തിയ 13 കാരി റെയില്‍വെ പൊലീസിന്റെ പിടിയിലായി. ശനിയാഴ്ച രാവിലെയാണ് 13കാരിയെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ പൊലീസ് കണ്ടെത്തിയത്.
മലബാര്‍ എക് സ് പ്രസില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പൊലീസ് പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ പെണ്‍കുട്ടിയെ പത്തനം തിട്ടയില്‍ നിന്ന് കാണാതായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ അടൂര്‍ പൊലീസ് കേസെടുക്കുകയും എല്ലാ ജില്ലകളിലെയും റെയില്‍വെ പൊലീസിന് വിവരം നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തീവണ്ടികളില്‍ കാസര്‍കോട് റെയില്‍വെ എസ്.ഐ പ്രകാശന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെ ഒരു പെണ്‍കുട്ടി തനിച്ച് ട്രെയിന്‍ ഇറങ്ങിവരുന്നത് ശ്രദ്ധയില്‍പ്പെട്ട് ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്.
പേരും വിലാസവും വെളിപ്പെടുത്തിയ പെണ്‍കുട്ടി കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാസര്‍കോട്ടെ യുവാവിനെ കാണാന്‍ വേണ്ടി പത്തനം തിട്ടയില്‍ നിന്നും വന്നതാണെന്ന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നു. കുട്ടിയെ റെയില്‍വെ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറി.