മംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍
മംഗളൂരു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്;
മംഗളൂരു : മംഗളൂരുവില്‍ രണ്ട് യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാറില്‍ കടത്തിക്കൊണ്ടുവന്ന് കുണ്ടംകുഴി മരുതടുക്കത്തെ വിജനമായ സ്ഥലത്ത് കുഴിച്ചിട്ട കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്നുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കാസര്‍കോട് ചെങ്കളയിലെ മുഹമ്മദ് മുഹാജിര്‍ സനാഫ്(25), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്(24), മുഹമ്മദ് സഫ് വാന്‍(24) എന്നിവരെയാണ് മംഗളൂരു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ തലശേരിയിലെ നാഫിര്‍(24), കോഴിക്കോട്ടെ ഫാഹിം(25) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍. 2014 ജൂലായ് ഒന്നിന് മംഗളൂരു പാണ്ഡേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അത്താവറിലാണ് ഇരട്ടക്കൊലപാതകം നടന്നത്.
നാഫിറിനെയും ഫാഹിമിനെയും അത്താവറിലെ വാടക വീട്ടില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഡസ്റ്റര്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി കുണ്ടംകുഴി മരുതടുക്കത്തേക്ക് കൊണ്ടുവരികയും നേരത്തെ തയ്യാറാക്കിയ കുഴികളിലിട്ട് മൂടിയ ശേഷം തെങ്ങിന്‍തൈ നടുകയുമായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും അടങ്ങിയ കെട്ടുകള്‍ ചന്ദ്രഗിരിപ്പുഴയില്‍ വലിച്ചെറിയുകയുമാണുണ്ടായത്.
കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം പുറത്തുവന്നത്. രാത്രികാലത്ത് അത്താവറിലെ വാടക വീട്ടിന് കാവല്‍ക്കാര്‍ ഉള്ളതിനാലാണ് പകല്‍ സമയത്ത് കൊല നടത്തിയത്. കാവല്‍ക്കാരനെത്തുന്നതിന് മുമ്പ് തന്നെ മൃതദേഹങ്ങള്‍ കാറില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.