പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം വീണ്ടും പുലി എത്തി; വിദ്യാര്‍ഥികളും ജീവനക്കാരും ആശങ്കയില്‍
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ലൈബ്രറിക്കും സമീപത്തുള്ള കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്;
കാഞ്ഞങ്ങാട്: പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം വീണ്ടും പുലി എത്തി. കഴിഞ്ഞദിവസം രാത്രി കേന്ദ്ര സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ലൈബ്രറിക്കും സമീപത്തുള്ള കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്. പുലി നടന്നുനീങ്ങുന്നത് കണ്ട് വിദ്യാര്‍ഥികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയെങ്കിലും ഇതിന്റെ രൂപം വ്യക്തമായി പതിഞ്ഞില്ല. വിവരമറിഞ്ഞ് രാത്രി തന്നെ വനംവകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം കേന്ദ്ര സര്‍വകലാശാല പരിസരത്തെ കാടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബുധനാഴ്ച വനം വകുപ്പ് സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു. തുടര്‍ച്ചയായി പുലിയെ കാണുന്ന സാഹചര്യത്തില്‍ ക്യാംപസില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പും ക്യാംപസിന് സമീപത്ത് പുലിയെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് സര്‍വകലാശാലയില്‍ രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണിവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
സര്‍വകലാശാലയുടെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍, ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരോട് ക്യാംപസിലെ കാടുമൂടിക്കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നാണ് നിര്‍ദേശം. സര്‍വകലാശാല ക്യാംപസിനോട് ചേര്‍ന്നുള്ള തണ്ണോട്ട് പുല്ലാഞ്ചിക്കുഴിയിലെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ പുലി കടിച്ചുകൊന്നിരുന്നു.
നായയെ പാതി ഭക്ഷിച്ചശേഷമാണ് പുലി മടങ്ങിപ്പോയത്. കേന്ദ്ര സര്‍വകലാശാല പരിസരത്ത് കാസര്‍കോട് ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം വനംവകുപ്പിന്റെ പതിനഞ്ചംഗ റാപ്പിഡ് റസ് പോണ്‍സ് ടീം ക്യാംപസ് വളപ്പില്‍ പുലിക്കായി ഇന്ന് തിരച്ചില്‍ നടത്തും.