6 വര്‍ഷം മുമ്പ് കൈവിട്ട പുല്ലൂര്‍ സഹകരണ ബാങ്ക് ഭരണം വീണ്ടും കോണ്‍ഗ്രസിന്
അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെ സി.പി.എമ്മും ബി.ജെ.പിയും മത്സര രംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു.;
കാഞ്ഞങ്ങാട്: ഗ്രുപ്പ് വഴക്കിനെ തുടര്‍ന്ന് ആറ് വര്‍ഷം മുമ്പ് ആ കൈവിട്ടുപോയ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം വീണ്ടും കോണ്‍ഗ്രസിന്. ഉദ്യോഗസ്ഥ ഭരണത്തിന്‍ കീഴിലായ ബാങ്ക് ഭരണമാണ് വീണ്ടും കോണ്‍ഗ്രസിന്റെ കൈകളിലേക്കെത്തുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെ സി.പി.എമ്മും ബി.ജെ.പിയും മത്സര രംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഒറ്റ പാനലായി മത്സരത്തില്‍ ഉറച്ചതോടെയാണ് ബാങ്ക് ഭരണം കൈകളിലെത്തുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിയായിരുന്നു ബാങ്ക് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ വിഭാഗീയതയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഡയറക്ടര്‍മാര്‍ തന്നെ അവിശ്വാസപ്രമേയം കൊണ്ടുവന്ന സംഭവവും ഇവിടെയുണ്ടായിരുന്നു. അവിശ്വാസ പ്രമേയത്തിനുശേഷം വന്ന ഭരണസമിതിയെ പിരിച്ചുവിട്ടതോടെയാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലവില്‍ വന്നത്.
2019 ജനുവരി ഒന്നു മുതല്‍ ഇവിടെ ഉദ്യോഗസ്ഥ ഭരണം തുടരുകയാണ്. അതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ബാങ്ക് പിടിച്ചെടുക്കാന്‍ വാശിയേറിയ പോരാട്ടം നടക്കുമെന്ന പ്രചരണം ശക്തമാകുന്നതിനിടെ ബി.ജെ.പിയും സി.പി.എമ്മും പത്രിക സമര്‍പ്പണത്തിന് പോലും താല്‍പര്യം കാട്ടിയില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മത്സരരംഗത്ത് ഉറച്ചതോടെ പാനലിന് എതിരാളികള്‍ ഇല്ലാതായി.
10 ന് ആണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ഒഴിവായതോടെ നടപടിക്രമങ്ങളുടെ ഭാഗമായി ഇനി പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ അരവിന്ദന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാനലിനെയാണ് പ്രഖ്യാപിക്കേണ്ടത്.
പാനലിലെ മറ്റ് സ്ഥാനാര്‍ഥികള്‍: കുന്നുമ്മല്‍ ചോയി, എം.വി ജ്യോതി രാജന്‍, കെ.പി മജീദ്, വി. രഞ്ജിത്ത്, ഇ. ഇന്ദിര, പി. വി ശാന്ത, രതീഷ് കാട്ടുമാടം, പി. ഹരിപ്രസാദ്, ഇ. ഉഷ പ്രഭ, ടി. തമ്പാന്‍.