രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: പൊലീസ് കേസെടുത്തു

എന്തെങ്കിലും മരുന്ന് നല്‍കി പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നതായി പൊലീസ് സംശയിക്കുന്നു;

Update: 2025-05-11 12:34 GMT

കാഞ്ഞങ്ങാട്: അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ വെച്ച് രക്തസ്രാവമുണ്ടായ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടി മരിച്ചു. മംഗളൂരു വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് നാലു മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. രക്തസ്രാവം എങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. ഇതേ കുറിച്ച് അറിയുന്നതിനായി പെണ്‍കുട്ടിയുടെ ആന്തരികാവയവം രാസപരിശോധനക്കയച്ചു.

സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്തെങ്കിലും മരുന്ന് നല്‍കി പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നതായി പൊലീസ് സംശയിക്കുന്നു ഇതാകാം രക്തസ്രാവത്തിന് കാരണമെന്നാണ് കരുതുന്നത്. പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദിയായ സഹപാഠിക്കെതിരെ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Similar News