അപകട മുനമ്പായി പൂച്ചക്കാട്ടെ കലുങ്ക്; വാന്‍ മറിഞ്ഞ് പരിക്കേറ്റവരുടെ നില ഗുരുതരം
രണ്ടുദിവസം മുമ്പ് ഒരു കാറും അതിന് തൊട്ടുമുമ്പ് ഓട്ടോറിക്ഷയും കലുങ്കിലിടിച്ചിരുന്നു.;
ബേക്കല്‍: പൂച്ചക്കാടിനും കല്ലിങ്കാലിനും ഇടയിലുള്ള കലുങ്കില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. ഞായറാഴ്ച രാവിലെ ഇറച്ചിക്കോഴികളുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. തമിഴ് നാട് തിരുപ്പൂര്‍ സ്വദേശികളായ ഡ്രൈവര്‍ ജഗന്നാഥന്‍(36), സഹായി പ്രകാശന്‍(37) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഗുരുതരമായ പരിക്കുകളോടെ ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുന്‍ഭാഗം പൂര്‍ണ്ണായും തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും കാഞ്ഞങ്ങാട്ട് നിന്നെത്തിയ അഗ്‌നിരക്ഷാസേനയുമാണ് രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചത്. വാനിലുണ്ടായിരുന്ന കോഴികളില്‍ കുറേയെണ്ണം അപകടത്തെ തുടര്‍ന്ന് ചത്തു.
പിന്നാലെ വന്ന ഇതേ കമ്പനിയുടെ മറ്റൊരു വാഹനത്തിലാണ് കോഴികളെ മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് വാന്‍ നിയന്ത്രണം വിടാന്‍ ഇടയായത്. അഗ്‌നിരക്ഷാസേനാംഗങ്ങളായ ഗണേശന്‍ കിണറ്റുകര, ഇ.ഷിജു, പി. അനിലേഷ്, എ. അതുല്‍, ഡ്രൈവര്‍ കെ.എ ലതീഷ്, ഹോംഗാര്‍ഡ് വി.വി അനീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
ബേക്കല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടുദിവസം മുമ്പ് ഒരു കാറും അതിന് തൊട്ടുമുമ്പ് ഓട്ടോറിക്ഷയും പൂച്ചക്കാട് ഭാഗത്തെ കലുങ്കിലിടിച്ചിരുന്നു. അശാസ്ത്രീയമായാണ് പൂച്ചക്കാടിനും കല്ലിങ്കാലിനുമിടയില്‍ കലുങ്ക് നിര്‍മ്മിച്ചതെന്നും ഇതാണ് അപകടങ്ങള്‍ പതിവാകാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രധാന പാത വിട്ട് മീറ്ററുകള്‍ അകലെയാണ് എല്ലായിടത്തും കലുങ്കിന്റെ ഭിത്തി നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ ഇവിടെ നേര്‍രേഖയിലുള്ള ടാറിങ്ങ് റോഡിനോട് ചേര്‍ന്നാണ് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചത്. റോഡില്‍ നിന്ന് വാഹനം തെന്നിയാല്‍ കലുങ്കിന്റെ ഭിത്തിയിലിടിക്കുന്ന വിധത്തിലാണ് കലുങ്കിന്റെ നിര്‍മ്മാണരീതിയെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.