ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധത്തിനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി
റോഡിന്റെ രണ്ട് വശങ്ങളിലും പൊലീസ് വലയം സൃഷ്ടിച്ചതോടെ ഉപരോധം നടത്താനാകാതെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചു പോയി;
By : Online correspondent
Update: 2025-07-06 07:07 GMT
കാഞ്ഞങ്ങാട്: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കാന്‍ വന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെയും അജാനൂര്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടി ബി റോഡില്‍ വ്യാപാര ഭവന് സമീപം റോഡ് ഉപരോധിക്കാന്‍ ശ്രമം നടന്നത്.
എന്നാല്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഉപരോധം നടത്താന്‍ അനുവദിക്കാതെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. റോഡിന്റെ രണ്ട് വശങ്ങളിലും പൊലീസ് വലയം സൃഷ്ടിച്ചതോടെ ഉപരോധം നടത്താനാകാതെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചു പോയി.