ഒരു ഫെയര്‍ സ്റ്റേജ് ഒഴിവാക്കി; മടിക്കൈ-പരപ്പ കെ.എസ്.ആര്‍.ടി.സി ബസ് നിരക്ക് കുറഞ്ഞു

Update: 2025-10-03 09:05 GMT

കാഞ്ഞങ്ങാട്: മടിക്കൈയിലൂടെ പരപ്പ വരെ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഒരു ഫെയര്‍ സ്റ്റേജ് ഒഴിവാക്കിയതിനെ തുടര്‍ന്ന് യാത്ര നിരക്ക് കുറഞ്ഞു. വളാപ്പാടിയിലെ ഫെയര്‍സ്റ്റേജ് ഒഴിവാക്കിയാണ് നിരക്ക് കുറച്ചത്. ഇതോടെ എണ്ണപ്പാറക്കും കാലിച്ചാനടുക്കത്തിനുമിടയില്‍ സ്വകാര്യ ബസിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ സഞ്ചരിക്കാം. അടുക്കത്ത് നിന്ന് തായന്നൂരേക്ക് 13 രൂപയും എണ്ണപ്പാറക്ക് 15 രൂപയുമാണ് വാങ്ങിയിരുന്നത്. ഇത് 10ഉം 13ഉം ആയി കുറച്ചു. ഈ റൂട്ടില്‍ മറ്റിടങ്ങളിലേക്കും രണ്ട് മുതല്‍ മൂന്ന് വരെ രൂപയുടെ മാറ്റമുണ്ടാകും. സ്വകാര്യ ബസുകളുടെ നിരക്ക് പുന:ക്രമീകരിച്ച ആര്‍.ടി.എ തീരുമാനം നിയമകുരുക്കിലാക്കി നടപ്പാക്കാത്തപ്പോഴാണ് കോര്‍പ്പറേഷന്‍ സ്വമേധയാ യാത്രക്കാരെ അമിതനിരക്കില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായത്. മടിക്കൈ വഴിയുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഏഴാംമൈല്‍ വഴിയുള്ള ബസുകളെ അപേക്ഷിച്ച് എണ്ണപ്പാറ, തായന്നൂര്‍ സ്ഥലങ്ങളിലേക്ക് അഞ്ച് രൂപയുടെ കുറവുണ്ട്. എണ്ണപ്പാറയില്‍ നിന്ന് പരപ്പയിലേക്ക് രണ്ട് ബസുകള്‍ കയറി 35 രൂപ വരെ കൊടുക്കേണ്ടി വന്ന സ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങിയതോടെ 23 രൂപയായി കുറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് ജില്ലാ ആസ്പത്രി വഴി തായന്നൂര്‍, അടുക്കം റൂട്ടില്‍ പരപ്പയിലേക്ക് നേരിട്ടുള്ള സര്‍വീസായതിനാല്‍ രോഗികളും കൂടുതലായി ആശ്രയിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നിന്ന് ഉച്ചക്ക് 2.10ന് പരപ്പയിലേക്കും സ്‌കൂള്‍ സമയത്ത് വൈകിട്ട് 3.35ന് തിരികെ കാഞ്ഞങ്ങാട്ടേക്കുമാണ് ഇപ്പോള്‍ ഓടുന്നത്. കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ഭാവിയില്‍ ഈ റൂട്ടില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്.

Similar News